കേസില്‍ പിന്തുണച്ചവര്‍ക്ക് നന്ദി; വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുത്: ഷംന കാസിം

single-img
30 June 2020

കൊച്ചിയില്‍ നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്‍തുവെന്ന പരാതില്‍ മുഖ്യപ്രതികള്‍ പിടിയിലാവുകയും ഇപ്പോള്‍ തുടരന്വേഷണം നടക്കുകയുമാണ്. ഇപ്പോള്‍ ഇതാ വിഷയത്തില്‍ പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഷംന കാസിം.” എനിക്ക് പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ഈ വിഷയത്തില്‍ ചില മാധ്യമങ്ങളില്‍ വാസ്‍തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

കുറ്റവാളികളെയോ അവരുടെ ഗാംഗിനെ കുറിച്ചോ എനിക്ക് അറിയില്ല. ദയവായി അതുപോലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്നും മാധ്യമസുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നു.”- ഷംന കാസിം പറയുന്നു. “കള്ള പേരുകളും വ്യാജ മേല്‍വിലാസവുമായി ഒരു കല്യാണ ആലോചനയുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെട്ടതിനാലാണ് എന്റെ കുടുംബം പരാതി നല്‍കിയത്. പിന്നീട് ഞങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്‍തു തുടങ്ങിയപ്പോഴാണ് പരാതി നല്‍കിയത് .”- ഷംന കാസിം പറയുന്നു.

ഞങ്ങളോട് അവര്‍ എന്താണ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അത് ഇപ്പോഴും അറിയില്ല. നമ്മുടെ പോലീസ് സ്‍തുത്യര്‍ഹമായി തന്നെ അവരുടെ ജോലി ചെയ്യുന്നുണ്ട്. അവര്‍ ഇപ്പോള്‍ കുറ്റക്കാരെ കണ്ടെത്തി അന്വേഷണം തുടരുകയാണ്. അതിനാല്‍ ദയവ് ചെയ്‍ത് അന്വേഷണം അവസാനിക്കുന്നതുവരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത് എന്ന് ഞാൻ അഭ്യര്‍ത്ഥിക്കുന്നു.

എനിക്ക് നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കേസിലെ അന്വേഷണം പൂര്‍ത്തിയായാല്‍ തീര്‍ച്ചയായും മാധ്യമങ്ങളെ കാണും. ഞങ്ങള്‍ വളരെ വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. ഷംന പറയുന്നു.