യുഡിഎഫ് തള്ളിപ്പറഞ്ഞത് കെഎം മാണിയുടെ രാഷ്ട്രീയത്തെ: ജോസ് കെ മാണി

single-img
29 June 2020

യുഡിഎഫ് മുന്നണിയിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കിയ തീരുമാനം രാഷ്ട്രീയ അനീതിയാണെന്നും ഐക്യ ജനാധിപത്യ മുന്നണിയെ പ്രതിസന്ധികളിൽ സംരക്ഷിച്ച് വന്ന കെഎം മാണിയുടെ രാഷ്ട്രീയത്തെയാണ് യുഡിഎഫ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ മാണി .

ഈ തീരുമാനം കോട്ടയത്തെ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ മാത്രം പ്രശ്നം അല്ല. ഇല്ലാത്ത ധാരണയുടെ പേരിൽ രാജി വക്കണമെന്ന് പറയുന്നത് ശരിയായ നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയിലെ അച്ചടക്കത്തിന്‍റെ പേരിലാണ് നടപടി എടുത്തതെങ്കിൽ ആയിരം വട്ടം അത് പിജെ ജോസഫിനെതിരെ എടുക്കണമായിരുന്നു എന്ന് ജോസ് കെ മാണി പറയുന്നു.

കരാറുകളിൽ ചിലവയെചില സമയത്ത് മാത്രം ഓര്‍മ്മപ്പെടുത്തുന്നതിനെ സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്. പാർട്ടിയുടെ ഉള്ളിലെ പ്രശ്നങ്ങൾ മുന്നണിക്കകത്ത് ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ഇങ്ങിനെ ശ്രമിക്കുന്നതിനെ ഒരു ഘട്ടത്തിലും പിജെ ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിൽ യോഗം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോസഫിനെതിരെ നടപടിയില്ല.

പി ജെ ജോസഫ് തുടർച്ചയായി അച്ചടക്കം ലംഘിച്ചിട്ടും നടപടി ഉണ്ടായില്ല. തങ്ങൾക്കെതിരെ രാഷ്ട്രീയ അജണ്ട ബോധപൂര്‍വ്വം നടപ്പാക്കുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്. മുന്നണിയിൽ നിന്നും പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിൽ നടന്നത് വൺവേ ചർച്ചയാണ് എന്നും അദ്ദേഹം ആരോപിച്ചു. അടുത്ത ദിവസം രാവിലെ പത്തരയ്ക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.