ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്: നടൻ ധർമ്മജൻ്റെ മൊഴിയെടുക്കും

single-img
29 June 2020

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിലായി. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസ് ആണ് തൃശൂരില്‍ നിന്ന് പിടിയിലായത്. വിവാഹാലോചന തട്ടിപ്പുകാര്‍ക്ക് ഷംന കാസിമിന്റെ നമ്പര്‍ നല്‍കിയത് ഹാരിസാണ്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.

അതേസമയം കേസില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ മൂന്ന് താരങ്ങളുടെ മൊഴിയെടുക്കും. ഷംന കാസിമിനൊടൊപ്പം വിദേശത്ത് സ്റ്റേജ് ഷോയില്‍ പങ്കെടുത്ത താരങ്ങളില്‍ നിന്നാണ് മൊഴിയെടുക്കുന്നത്. ഫോണില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

 കേസില്‍ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്ന് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ സിനിമ മേഖലയില്‍ നിന്നുളള ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്. അതിനിടെ സിനിമാ മേഖലയുമായി ബന്ധമുളള ഹാരിസിന്റെ അറസ്റ്റ് സിനിമ മേഖലയിലേക്ക് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കാന്‍  സഹായകമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

ഇയാള്‍ക്ക് സിനിമയിലെ നിരവധി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമായി ബന്ധമുളളതായി പൊലീസ് പറയുന്നു. വിവാഹാലോചനയുമായി ഷംനയുടെ വീട്ടിലേക്ക് പോയ സംഘത്തിന് നടിയുടെ നമ്പര്‍ നല്‍കിയത് ഹാരിസാണെന്ന് പൊലീസ് പറയുന്നു.

നിലവില്‍ സെക്‌സ് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ലൈംഗിക അതിക്രമം നടത്തി എന്ന പേരില്‍ ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും വിജയ് സാഖറെ അറിയിച്ചു.

ഷംനയുടേതിന് സമാനമായി നാലു വിവാഹ തട്ടിപ്പുകള്‍ കൂടി നടത്താന്‍ ശ്രമം നടന്നതായി ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പറഞ്ഞു. ഇതിലെല്ലാം അന്വേഷണം നടക്കുകയാണ്. നിലവില്‍ ഏഴ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.