നെഹ്റു നൽകിയ സ്ഥലപ്പേര് മാറ്റാൻ ഒന്നിച്ച് ബിജെപിയും കോൺഗ്രസും

single-img
29 June 2020

ഒരു സ്ഥലപ്പേര് പുലിവാല് പിടിക്കുകയാണ് കേരളത്തിൽ. പത്തനംതിട്ട കോന്നി ടൗണിനു തൊട്ടടുത്തു കിടക്കുന്ന ഒരു പ്രദേശത്തിൻ്റെ നിലവിലെ പേര് മാറ്റി പുതിയ പേരിടണമെന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതിർത്തിയിലെ ഇന്ത്യ-ചെെന സംഘർഷമാണ് പ്രശ്നങ്ങൾക്കു കാരണം. ഇന്ത്യയും ചെെനയുമായുള്ള നയതന്ത്ര പ്രശ്നം എങ്ങനെ ഈ കൊച്ചു കേരളത്തിലെ ഒരു പ്രദേശത്തെ ബാധിക്കുന്നു എന്നല്ലേ? സ്ഥലത്തിൻ്റെ പേരു തന്നെയാണ് പ്രശ്നം. കോന്നി ടൗണിൻ്റെ സമീപത്തു സ്ഥിതിചെയ്യുന്ന  ‘ചൈനാമുക്ക്’  എന്ന സ്ഥലത്തിൻ്റെ പേരാണ് മാറ്റാൻ ആഹ്വാനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്. 

അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ഇരുപത് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സ്ഥലമാറ്റ പ്രശ്നവും വന്നു ചേർന്നത്. ഈ സംഭവത്തെ തടർന്ന് ചെെനയ്ക്ക് എതിരെ വൻ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്. അതിൻ്റെ അലയൊലികൾ ഇങ്ങ് കേരളത്തിലുമെത്തി. സ്വഭാവികമായും ഈ സ്ഥലത്തും പ്രതിഷേധം നടന്നു. പ്രതിഷേധത്തിനു പിന്നാലെ ഈ സ്ഥലത്തിൻ്റെ പേര് മാറ്റണം എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും.

കോന്നി ചൈനാമുക്കില്‍ യൂത്ത് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തില്‍ ചൈനയുടെ ദേശീയ പതാക കത്തിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. ഇതിനു പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രവീണ്‍ പ്ലാവിളയില്‍ ചൈനാമുക്ക് എന്ന പേര് മാറ്റണമെന്ന ആവശ്യവുമായി പഞ്ചായത്ത് കമ്മിറ്റിക്ക് അപേക്ഷ നല്‍കുകയായിരുന്നു. ബിജെപിയും ഒട്ടും കുറച്ചില്ല. പേര് മാറ്റണമെന്ന ആവശ്യവുമായി അവരും രംഗത്തെത്തി. 

അതേസമയം ബിജെപി ഒരു പടികൂടി കയറി. ഇന്ത്യ- ചെെന അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ പേര് സ്ഥലത്തിന് നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചു. വൈസ് പ്രസിഡൻ്റിൻ്റെ അപേക്ഷ പഞ്ചായത്ത് കമ്മിറ്റിയില്‍ പരിഗണിക്കാനിരിക്കുകയാണ്. എന്നാൽ വൈസ് പ്രസിഡൻ്റിൻ്റേയും യൂത്ത് കോണ്‍ഗ്രസിൻ്റെയും വാദം ബാലിശമാണെന്ന ആരോപണവുമായി പ്രതിപക്ഷാംഗം ബിജി കെ.വര്‍ഗീസും രംഗത്തെത്തിയിട്ടുണ്ട്. 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി കോണ്‍ഗ്രസുകാരനായ ജവാഹര്‍ലാല്‍ നെഹ്‌റുവിൻ്റെ പരാമര്‍ശത്താല്‍ ലഭ്യമായ പേരാണ് ഇതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ആരാധ്യനായ കോൺഗ്രസ് നേതാവ് നൽകിയ ആ പേര് മാറ്റാനാണ് പിന്‍തലമുറക്കാര്‍ ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനും ആക്രമണത്തെ നേരിടാനും ഇന്ത്യയ്ക്കു കഴിയും. അതിൻ്റെ പേരില്‍ ഏഴു പതിറ്റാണ്ട് പഴക്കമുള്ള സ്ഥലപ്പേര് മാറ്റണമെന്നത് അംഗീകരിക്കാനാവില്ലെന്നും ബിജി വ്യക്തമാക്കുന്നു. 

രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു 1951ല്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോന്നിയിൽ എത്തിയിരുന്നു. അദ്ദേഹം ഈ സ്ഥലം വഴി കടന്നു പോയപ്പോള്‍ ചുവന്ന കൊടികള്‍ കണ്ട് ഇതെന്താ ചൈനീസ് ജംഗ്ഷനാണോയെന്നു ചോദിച്ചുവെന്നാണ് പറയുന്നത്. ജവഹർലാൽ നെഹ്റുവിൻ്റെ ആ പ്രസ്താവനയോടെ സ്ഥലം അങ്ങനെ ചൈനാമുക്കായി. ഈ സ്ഥലത്തെ താമസക്കാരയ മുതിർന്ന പൗരൻമാരോട് ചോദിച്ചാൽ അവർക്കും ഇക്കഥയെ പറയുവാൻ കാണൂ. എന്നാൽ കഥ അങ്ങനെയല്ലെന്നാണ് സാഹിത്യകാരനും കഥാകൃത്തുമായ എം.ഗിരീശന്‍ നായര്‍ പറയുന്നത്. 

ജവഹർലാൽ നെഹ്‌റുവിൻ്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനാമുക്കില്‍ അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ രഹസ്യമായി ഒരു ചെങ്കൊടി സ്ഥാപിക്കുകയായിരുന്നു. അതിൻ്റെ അന്വേഷണാര്‍ഥം രണ്ടു പൊലീസുകാര്‍ അവിടെയെത്തുകയും സ്ഥലത്തുണ്ടായിരുന്ന കോന്നിയൂര്‍ ദാമോദരന്‍, വയലത്തല രാമകൃഷ്ണപിള്ള എന്നിവരെ കണ്ട് ഈ ചെങ്കൊടി കെട്ടിയവരെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. പൊലീസുകാർ തന്നെ ചെങ്കൊടിയഴിച്ചു മാറ്റുകയും അവിടെ നിന്നും പോകുന്നതിനു മുമ്പ് ഈ കവലയുടെ പേര് എന്താണെന്ന് നാട്ടുകാരോട് അന്വേഷിക്കുകയുമുണ്ടായി. 

‘ചൈനാമുക്ക്’ എന്നാണ് ദാമോദരന്‍ മറുപടി പറഞ്ഞത്. അത് ആ പൊലീസുകാരൻ ഡയറിയില്‍ രേഖപ്പെടുത്തുകയും ചെയ്തു. നെഹ്‌റു കടന്നു പോയ സമയത്ത് ഈ സ്ഥലത്ത് ചെങ്കൊടിയൊന്നും ഉണ്ടായിരുന്നില്ലെന്നും അഥവാ അദ്ദേഹം വാഹനത്തിലിരുന്നു അങ്ങനെ  പറഞ്ഞെങ്കില്‍ എങ്ങനെ, ആര് കേട്ടു എന്നു വ്യക്തമല്ലെന്നും ഗിരീശന്‍ നായർ ചൂണ്ടിക്കാട്ടുന്നു.