നേപ്പാൾ ഭരണം അട്ടിമറിക്കുവാനുള്ള നീക്കം നടക്കുന്നതായി വെളിപ്പെടുത്തൽ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഭിന്നത

single-img
29 June 2020

നേപ്പാൾ ഭരണത്തെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുനന്തായി വെളിപ്പെടുത്തി  പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും എന്നാല്‍ അട്ടിമറി ശ്രമങ്ങള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അടിയൊഴുക്കുകള്‍ തനിക്ക് മനസിലാകുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഈ നിക്കങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന മദന്‍ ഭണ്ഡാരിയുടെ 69-ാം ജന്മദിനത്തില്‍ നടന്ന പരിപാടിയിലാണ് കെ.പി. ശര്‍മ ഒലി ഇക്കാര്യം പറഞ്ഞത്. എംബസികളിലും ഹോട്ടലുകളിലുമായി പലനീക്കങ്ങളും നടക്കുന്നുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ രാഷ്ട്രീയക്കാരും തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാണെന്നുള്ള സൂചനകളാണ് നേപ്പാൾ പ്രധാനമന്ത്രി നൽകുന്നത്. 

നേപ്പാളിലെ ഭരണകക്ഷിയ്ക്കകത്തും അഭിപ്രായ വ്യത്യാസങ്ങള്‍ പെരുകുകയാണ്. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പുഷ്പ കമല്‍ ദഹലുമായി കെ.പി. ശര്‍മ ഒലിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ പുഷ്പ കമല്‍ ദഹല്‍ നേപ്പാള്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

മുമ്പ് ചൈനയുമായി വ്യാപാര കരാര്‍ ഒപ്പിട്ടതിന് പിന്നാലെ തൻ്റെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായി. എന്നാല്‍ അന്ന് ആവശ്യത്തിന് ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇന്ന് തനിക്ക് സഭയില്‍ കൃത്യമായ ഭൂരിപക്ഷമുണ്ട്. ആര്‍ക്കും തന്നെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാകില്ലെന്നും കെ. പി. ശര്‍മ ഒലി പറഞ്ഞു. 

കാലാപാനി അവകാശവാദത്തില്‍ താന്‍ തെറ്റായി ഒന്നുംതന്നെ ചെയ്തിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം. 146 വര്‍ഷത്തോളമായി നേപ്പാളിന് ആ ഭൂപ്രദേശത്തിന് മേല്‍ അധികാരമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 58 വര്‍ഷമായി അത് നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.