കോവിഡും ചെെനയും: ഈ രണ്ടു യുദ്ധങ്ങളും നമ്മൾ ജയിക്കുമെന്ന് അമിത് ഷാ

single-img
29 June 2020

കോവിഡിനേയും ചെെനയേയും നാം ജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  രോഗമായാലും അതിർത്തിയിലെ സംഘർഷമായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം പൊരുതി ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനെയും ചൈനയെയും സഹായിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിൽക്കണമെന്നും അമിത്  ഷാ വ്യക്തമാക്കി. 

കൊറോണ സംബന്ധമായി ജൂലായിൽ അഞ്ചര ലക്ഷത്തിലധികം കേസുകളുണ്ടാകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കണക്കുകളുടെ അടിസ്ഥാനത്തിൽ പറഞ്ഞത് ആശങ്കയുണ്ടാക്കിയിരുന്നു.തുടർന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം താൻ വിളിച്ച യോഗത്തിലെ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഫലമായി ജൂലായിൽ കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ.സംസ്ഥാന സർക്കാരുമായി നല്ല ഏകോപനമുണ്ട്. 

കെജ്‌രിവാളുമായി ചർച്ച ചെയ്യുന്നുവെന്നും ജൂൺ 30നുള്ളിൽ 30,000 കിടക്കകൾ തയ്യാറാകുമെന്നും അദ്ദേഹം അറിയിച്ചു. റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകളും ലഭ്യമാക്കും. ചികിത്സാ ചെലവ് കുറയ്‌ക്കാൻ സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങൾ സംസ്‌കരിക്കാനും ഏർപ്പാടുണ്ടാക്കി.ഡൽഹിയിൽ സമൂഹവ്യാപനമില്ലെന്ന് ഉറപ്പിച്ച് പറയാനാകും. ടെസ്‌റ്റുകളുടെ എണ്ണം കൂട്ടിയതിനാൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് രോഗവ്യാപനം തടയാനാകും.ഡൽഹിയിൽ ആശങ്കപ്പെടാനില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം.

വക്രദൃഷ്‌ടിയുള്ളവർ എല്ലാറ്റിലും ദോഷം കണ്ടെത്തുമെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ പരാമർശിച്ച് അമിത്ഷാ പറഞ്ഞു. രാഹുലിനെ ഉപദേശിക്കാൻ താൻ ആളല്ല. കൊവിഡിനെതിരെ സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു.