ക്നാനായക്കാരുടെ വംശശുദ്ധിയും ബിജു ഉതുപ്പ് കേസും

single-img
28 June 2020

ഇക്കഴിഞ്ഞ നാളുകളിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു സംഭവമാണ് ക്നാനായ  വീഡിയോ വിവാദം. ക്‌നാനായ കത്തോലിക്കരുടെ വംശശുദ്ധിയെ പ്രകീര്‍ത്തിച്ച് ഇറങ്ങിയ ചില ലഘു ചിത്രങ്ങളാണ് ഈ വിവാദത്തിന് അടിസ്ഥാനം. ക്‌നാനായ പെണ്‍കുട്ടികളോട് മറ്റ് സമുദായത്തിലെ യുവാക്കള്‍ പ്രണയാഭ്യര്‍ത്ഥ നടത്തുന്നതും അവരെ സമുദായ സ്‌നേഹവും വംശശുദ്ധിയും പറഞ്ഞു പിന്തിരിപ്പിക്കുന്ന പെണ്‍കുട്ടികളുടെ സംഭാഷണവുമാണ് വീഡിയോകളിലൂടെ കേരളക്കര കണ്ടത്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ചിന്തകളും പേറി നടക്കുന്നവരും ഉണ്ടെന്നുള്ള അഭിപ്രായമാണ് കൂടുതലും സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോയെ സംബന്ധിച്ച് ഉയർന്നതും. 

ക്‌നാനായ കത്തോലിക്കാ സഭയിലെ പാരമ്പര്യങ്ങളും ആചാരങ്ങളും മറ്റ് കത്തോലിക്കാ വിഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണെന്നുള്ള യാഥാർത്ഥ്യം നിലനിൽക്കേ പരസ്യമായി സമുദായം പറയുന്ന ഇത്തരം വീഡിയോകൾക്ക് എതിരെ വൻ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ഈ സംഭവത്തെ ന്യായീകരിച്ച് ക്നാനായ വിഭാഗവും രംഗത്തെത്തി. ഞങ്ങളുടെ ചരിത്രം പറയാനും അഭിമാനിക്കാനുമുള്ള അവകാശം ഞങ്ങള്‍ക്കുമില്ലേയെന്ന ചോദ്യമാണ് അവർ ഉന്നയിക്കുന്നതും. 

തങ്ങള്‍ എ.ഡി 345ല്‍ മെസപ്പൊട്ടോമിയില്‍ നിന്നുവന്ന യഹൂദ പാരമ്പര്യമാണ് തങ്ങള്‍ക്കെന്നും വംശശുദ്ധി കാത്തുപരിപാലിക്കണമെന്നു മാത്രമാണ് കാര്‍ണവന്മാര്‍ തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നുമുള്ള വാദങ്ങളാണ് ഏറെ വിവാദമായത്. എന്നാൽ അത് ചരിത്രമാണെന്ന അഭിപ്രായമാണ് ക്നാനായ വിഭാഗം ഉയർത്തുന്നത്. ഈ ചരിത്രം പറയുമ്പോൾ കളിാക്കിയിട്ടു കാര്യമില്ല. കളിയാക്കിയാലും പരിധി വിടരുതെന്ന മുന്നറിയിപ്പും ഇവർ തരുന്നുണ്ട്. ക്‌നാനായ സഭയില്‍ നിന്ന് മാറി വിവാഹം കഴിച്ചതിൻ്റെ പേരില്‍ ആരെയും സഭയില്‍ നിന്ന് പുറത്താക്കുന്നില്ലെന്ന വാദമാണ് ക്നാനായ അസോസിയേഷൻ ഉയർത്തുന്നത്. അങ്ങനെയുള്ളവർ സൗകര്യാര്‍ത്ഥം മറ്റ് പള്ളികളില്‍ ചേരുന്നതാണെന്നും അസോസിയേഷന്‍ പറയുന്നു. 

ക്നാനായ ചരിത്രമറിയാവുന്നവര്‍ തങ്ങളെ കളിയാക്കില്ലെന്നും ബഹുമാനിക്കുക മാത്രമാണ് ചെയ്യുകയെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ മാറി വിവാഹം കഴിച്ചതിൻ്റെ പേരില്‍ സഭയിൽ നിന്നും പറത്താക്കപ്പെട്ടവർ ഉണ്ടെന്ന് ഈ കേരളം തന്നെ നമുക്ക് കാട്ടിത്തരുന്നു. കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ബിജു ഉതുപ്പ് കേസിലൂടെ. 

ബിജു ഉതുപ്പിൻ്റെ അമ്മയുടെ അമ്മ ക്‌നാനായ സഭാഗം അല്ലായിരുന്നുവെന്ന് പറഞ്ഞാണ് 1989ല്‍ കോട്ടയം കിഴക്കേ നട്ടാശേരിഇടവകാംഗമായിരുന്ന ഉറവണക്കളത്തില്‍ അദ്ദേഹത്തിന് വിവാഹക്കുറി നിഷേധിച്ചത്. ഇതു ചോദ്യം ചെയ്ത് ബിജുവിൻ്റെ പിതാവ് അന്ന് കോട്ടയം കോടതിയെ സമീപിച്ചു. കോടതി ഈ കേസിൽ ഇടപെടുകയും രൂപതയ്‌ക്കെതിരെ വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളിയ ഹൈക്കോടതി 2017ല്‍ കീഴ്‌ക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു. 

കേസിൻ്റെ ഭാഗമായി അന്ന് ഹെെക്കോടതി ഒരു കാര്യം നിരീക്ഷിച്ചിരുന്നത് വാർത്തയായിരുന്നു.  വംശശുദ്ധി പാലിക്കാന്‍ മാര്‍പാപ്പ ഒരിടത്തും പറഞ്ഞിട്ടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സഭയുടെ നടപടി കാനോന്‍ നിയമത്തിൻ്റെയും ഭരണഘടനയുടെ 25ാം വകുപ്പ് അനുവദിക്കുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഹെെക്കമാടതി വിധിയ്ക്ക് എതിരെ കോട്ടയം രൂപത നല്‍കിയ അപ്പീലില്‍ ബിജുവിൻ്റെ കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ബിജു തൻ്റെ മകളുടെ മാമോദീസ അമേരിക്കയില്‍ ക്‌നാനായ പള്ളിയിലാണ് നടത്തിയത്. പക്ഷേ ഇതുവരെ കോട്ടയം രൂപതയില്‍ പേര് ചേര്‍ക്കാന്‍ അനുവദിച്ചിട്ടില്ല എന്നുള്ളതാണ് രസകരം. അതുസംബന്ധിച്ച കേസും കോടതിയിൽ നടക്കുകയാണ്. അമേരിക്കരേക്കാൾ കൂടുതലാണോ കേരളീയരുടെ ജാതി ചിന്തയും സമുദായ ചിന്തയുമെന്ന സംശയവും ഇപ്പോൾ ചിലർക്ക് തോന്നിയിട്ടുണ്ടാകും. 

കച്ചവടക്കാരനായ ക്‌നായി തൊമ്മനും 72 കുടുംബവും എ.ഡി 345ല്‍ കേരളത്തില്‍ വന്നുവെന്നാണ് സഭാ ചരിത്രം. അതില്‍ നാനൂറ് അംഗങ്ങളുണ്ടായിരുന്നുവെന്നും ഒരു ബിഷപ്പും വൈദികരും അവരെ സഹായിക്കാനുള്ള് ശുശ്രൂഷികളും ഉണ്ടായിരുന്നുവെന്നും  വിശ്വസിക്കപ്പെടുന്നു. അവരുടെ പാരമ്പര്യമാണ് ക്‌നാനായ സമുദായം അവകാശപ്പെടുന്നതെന്നുള്ളതാണ് അവരുടെ ചരിത്രം പറയുന്നത്. അവരുടെ ആചാരങ്ങളും പാരമ്പര്യവും വ്യത്യസ്തമാണെന്നും അവർക്ക് യഹൂദരുടെ രക്തശുദ്ധി ഉണ്ടെന്നുമാണ് അവകാശവാദം ഉന്നയിക്കുന്നതും. 

എന്നാല്‍ ഇതിനൊരു എതിർവാദവും ചിലർ ‘ന്നയിക്കുന്നുണ്ട്. ചേരമാന്‍ പെരുമാളിൻ്റെ കാലത്ത് ഇവിടെയെത്തിയ സംഘത്തിലുണ്ടായിരുന്ന ബിഷപ്പും വൈദികരും മതപരിവർത്തനം എന്ന ഉദ്ദേദശത്തോടു കൂടിയാണ് കേരളത്തിൽ പ്രവർത്തിച്ചതെന്നാണ് അവർ പറയുന്നത്. ഇവിടെയുള്ളവരെ വിവാഹം കഴിച്ച് തലമുറകള്‍ ഉണ്ടായതിനു ശേഷം വംശശുദ്ധിക്കും രക്തശുദ്ധിക്കും എന്തു പരസക്തിയെന്നും അവർ ചോദിക്കുന്നുണ്ട്.