കള്ളനെ പിടിക്കാൻ നാടുമുഴുവൻ തിരയാനിറങ്ങി: തിരയാനിറങ്ങിയവരുടെ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ

single-img
28 June 2020

ഒരു കള്ളനെ പിടിക്കാൻ നാട്ടിലെ ജനങ്ങൾ മുഴുവൻ തിരയാനിറങ്ങി. ഇറങ്ങിയവരുടെ വീടുകളിൽ കയറി മോഷണം നടത്തി കള്ളൻ. തിരയാനിറങ്ങിയവരുടെ വീടുകളിൽ കയറി ഷൂസും ജീൻസും ടീ ഷർട്ടും മൊബൈൽ ഫോണും മോഷ്ടിച്ച് ഒടുവിലൊരു ബൈക്കുമായാണ് കള്ളൻ പോയത്. 

കടാതി അമ്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന പ്രശാന്തിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണ് മോഷ്ടാവ് എത്തിയത്. വാതിലിന്റെ പൂട്ട് തകർത്തു വീടിനകത്തു കയറിയ മോഷ്ടാവ് വീട്ടിലുണ്ടായിരുന്ന 850 രൂപയും കാർ പോർച്ചിലിരുന്ന സ്കൂട്ടറും മോഷ്ടിച്ചു.ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും സ്കൂട്ടർ തള്ളി മോഷ്ടാവ് പുറത്തെത്തി. മുറ്റത്ത് സ്കൂട്ടർ കാണാതായതോടെ വീട്ടുകാർ അയൽവാസികളെ വിളിച്ചുണർത്തി. ഇവർ റോഡിലിറങ്ങി തിരച്ചിൽ ആരംഭിച്ചപ്പോഴേക്കും കള്ളൻ സമീപത്തെ മറ്റൊരു വീട്ടിൽ കയറി ഒളിച്ചു.

ഇവിടെ ഉണ്ടായിരുന്ന ഒരു ജോടി ഷൂ കണ്ട്  ഇഷ്ടപ്പെട്ടതോടെ മോഷ്ടാവ് തന്റെ പഴയ ചെരിപ്പ് അവിടെ ഉപേക്ഷിച്ച് ഷൂ ധരിച്ചു. ഇവിടെ വരാന്തയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോണും പോക്കറ്റിലാക്കി. തൊട്ടടുത്ത വീട്ടിൽ കയറിയപ്പോൾ വില കൂടിയ മറ്റൊരു ഷൂ കണ്ട് ഇതും കൈക്കലാക്കി. അടുത്ത വീട്ടിൽ ഉണക്കാനിട്ട ജീൻസ് എടുത്ത ശേഷം മോഷ്ടാവ് ധരിച്ചിരുന്ന ബർമുഡ അവിടെ ഉപേക്ഷിച്ചു. ഇവിടെ നിന്നു രണ്ട് ടീ ഷർട്ടും എടുത്തു.

അതിനിടെ തിരച്ചിൽ നടത്തുന്ന സംഘം മോഷ്ടാവിനു തൊട്ടരികിലെത്തി. ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് മോഷ്ടാവ് ഓടി. സമീപത്തെ മറ്റൊരു വീടിൻ്റെ മുറ്റത്തിരുന്ന സൈക്കിൾ എടുത്തു രക്ഷപ്പെടാനായി അടുത്ത ശ്രമം. കുറച്ചു ദൂരം സൈക്കിളിൽ പാഞ്ഞെങ്കിലും നാട്ടുകാർ പിടികൂടുമെന്നായപ്പോൾ സൈക്കിൾ ഉപേക്ഷിച്ച് റോഡ‍രികിലുള്ള കുറ്റിക്കാട്ടിലേക്കു ചാടി. പിന്നീട് മോഷ്ടാവിനെ ആരും കണ്ടില്ല.

പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് പൊലീസ് സംഘവും എത്തി. നാട്ടുകാരും പൊലീസും തിരച്ചിൽ കൂടുതൽ ഊർജിതമാക്കുന്നതിനിടെ കടാതി പള്ളിപ്പടിയിലുള്ള വീട്ടിലെ പോർച്ചിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് മോഷ്ടാവ് കടന്നതായി വിവരം കിട്ടി. പുലർച്ചെ നാല് വരെ നാട്ടുകാരും പൊലീസും പ്രദേശമാകെ അരിച്ചു പരിശോധിച്ചെങ്കിലും പിന്നീട് മോഷ്ടാവിനെ കണ്ടെത്താനായില്ല.

കടാതിയിൽ നാട്ടുകാരുടെ മുഴുവൻ കണ്ണുവെട്ടിച്ച് ആറ് വീടുകളിലെ മോഷണവും പൂർത്തിയാക്കിയാണ് മോഷ്ടാവ് മുങ്ങിയത്. നാട്ടുകാരെ മുഴുവൻ ഇളിഭ്യരാക്കി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.