കോവിഡ്: എസി കോച്ചുകളില്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു; സംവിധാനം ഒരുക്കാൻ ഇന്ത്യൻ റെയിൽവേ

single-img
28 June 2020

രാജ്യത്താകെ കോവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എസി ട്രെയിനുകളിലെ കോച്ചുകളില്‍ ഇനി മുതല്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ക്ക് സമാനമായ രീതിയില്‍ ശുദ്ധവായു ക്രമീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ ട്രെയിനുകളില്‍ എസി കോച്ചുകളിലെ റൂഫ് മൗണ്ട് എസി പാക്കേജ് ഓപ്പറേഷന്‍ തിയേറ്ററുകളിലേത് പോലെ മണിക്കൂറില്‍ 16-18 തവണ വായു പൂര്‍ണമായും മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈറസ് വ്യാപനത്തിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ട്രെയിനുകളിലെ എസി യൂണിറ്റുകള്‍ പരിഷ്‌കരിച്ചത്. ട്രെയിനുകളില്‍ എസി കോച്ചുകളിലെ വായു മണിക്കൂറില്‍ 12 തവണ പൂര്‍ണമായും മാറ്റണമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നത്.
നേരത്തെ എസി ട്രെയിനുകളില്‍ മണിക്കൂറില്‍ ആറുമുതല്‍ എട്ടുതവണ വരെയാണ് വായു പൂര്‍ണമായും മാറ്റിയിരുന്നത്.

ഇങ്ങിനെ ചെയ്യുന്നത് വഴി കോച്ചുകളിലേക്ക് എത്തുന്ന വായുവില്‍ 20 ശതമാനം മാത്രമാണ് ശുദ്ധവായു ഉണ്ടായിരുന്നത്. ബാക്കിവരുന്ന 80 ശതമാനവും റിസര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന വായുവായിരുന്നു. പുതിയ മാറ്റത്തിലൂടെ വായുസഞ്ചാരത്തിലുണ്ടാകുന്ന വര്‍ദ്ധനവ് ഊര്‍ജ ഉപഭോഗത്തിലും 10-15 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാക്കും. സാധാരണയായി എസി റിസര്‍ക്കുലേറ്റ് ചെയ്യപ്പെട്ട വായുവാണ് ഉപയോഗിക്കുക. അതുമൂലം വളരെ വേഗത്തില്‍ തണുപ്പ് പടരും.

പക്ഷെ ഇപ്പോള്‍ ഓരോ തവണയും ശുദ്ധവായു ഉപയോഗിക്കുമ്പോള്‍ തണുക്കാന്‍ അല്പസമയം കൂടുതല്‍ വേണ്ടി വരും. അതിനാലാണ് കൂടുതല്‍ ഊര്‍ജ ഉപഭോഗം ഉണ്ടാകുന്നത്. രാജ്യത്ത് ഇപ്പോള്‍ രാജധാനി ട്രെയിനുകളില്‍ പരീക്ഷിച്ച ഈ സംവിധാനം വൈകാതെ മറ്റു എസി കോച്ചുകളിലും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

അതേപോലെ ഇപ്പോള്‍ യാത്രക്കാര്‍ക്ക് പുതപ്പ് വിതരണം ചെയ്യാത്തതിനാല്‍ സെന്‍ട്രലൈസ്ഡ് എസിയുടെ താപനില 25 ഡിഗ്രി ആയി നിലനിര്‍ത്തും. മുന്‍പ് ഇത് 23 ആയിരുന്നു. ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരുപഠനത്തില്‍ മാത്രമാണ് എസിയില്‍ ദ്രവകണങ്ങളിലൂടെ വൈറസ് വ്യാപനം വര്‍ദ്ധിക്കുമെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്.