ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം; പരിഹാരത്തിനായി ഓരോ ആഴ്ചയും ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ധാരണ

single-img
28 June 2020

ഇന്ത്യ – ചൈന അതിർത്തിയായ കിഴക്കന്‍ ലഡാക്കിൽ നിലവിലുള്ള സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ പ്രതിവാര ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായായി എന്ന് റിപ്പോർട്ടുകൾ. പിന്മാറുന്നതിന് പകരം ഈ മേഖലയില്‍ ചൈന പതിനായിരത്തോളം സൈനികരെ വീണ്ടും വിന്യസിക്കുകയും ചെയ്തിരിക്കയാണ് . ഇന്ത്യൻ അതിര്‍ത്തിക്കുള്ളില്‍ അധിനിവേശം നടത്തി രാജ്യത്തിന്റെ ഭൂപ്രദേശം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിന്റെ പിന്നാലെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്.

ആയുധ ധാരികൾ അല്ലാതിരുന്ന ഇരുപത് ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈന്യം കൊന്നൊടുക്കുകയും ചെയ്തിരുന്നു. സംഘർഷത്തെ തുടർന്ന് മേഖലയില്‍ നിന്നും സൈനിക പിന്മാറ്റം നടത്തണമെന്ന് ഇരുകൂട്ടരും നേരത്തെ നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു.

പക്ഷെ പ്രശ്‍നമുണ്ടായ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം ഇപ്പോഴും സജീവമാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വെച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇന്ത്യയുടെ സൈന്യം പിന്മാറ്റം നടത്തിയിട്ടും ചൈനീസ് സൈന്യം ഇതിന് തയ്യാറാകാത്ത സാഹചര്യത്തിലും കൂടിയാണ് ഓരോ ആഴ്ചയും ചർച്ചകൾ നടത്താനുള്ള തീരുമാനവും വന്നിട്ടുള്ളത്.