തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും എൻഡിഎ മത്സരിക്കും: കെ സുരേന്ദ്രൻ

single-img
28 June 2020

കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ വാർഡുകളിലും എൻഡിഎ മുന്നണി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കൊച്ചിയിൽ ചേർന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതേപോലെ തന്നെ മറ്റുള്ള മുന്നണികളിൽ നിന്ന് ആളുകളെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യാൻ പ്രത്യേക കമ്മിറ്റിയും യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്.
കേരളത്തിലെ എൻഡിഎ സഖ്യം വിപുലീകരിക്കാനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

മറ്റു പാർട്ടികളെ ക്ഷണിക്കുന്നതിനായി കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, പിസി തോമസ് എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്. കോവിഡ് പടരുമ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം പരാജയമാണെന്നും പ്രവാസികളോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

ഇതേവരെ 250ൽ അധികം പ്രവാസി മലയാളികൾ മറ്റു നാടുകളിൽ കൊറോണ ബാധിച്ചു മരിച്ചിട്ടും അവരുടെ കുടുംബത്തിന് വേണ്ടി ഒരു സഹായവും ചെയ്യാതിരുന്ന സർക്കാർ നടപടിക്കെതിരെ അടുത്ത മാസം 9ന് സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡിഎ ധർണ്ണ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.