ചെന്നിത്തല എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസിലായില്ല; ഇ-ബസ് അഴിമതി ആരോപണത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി

single-img
28 June 2020

കെഎസ്ആർടിസിയുടെ ഇ-ബസ് പദ്ധതിയുടെ കൺസൾട്ടൻസി കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണമായി മനസിലായില്ല എന്ന് പ്രതികരണവുമായി സംസ്ഥാന ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. പ്രതിപക്ഷനേതാവ് പറയുന്നപോലെ ആർക്കെങ്കിലും ഏതെങ്കിലും കരാർ പ്രത്യേകമായി നൽകാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് ഭീതിയുടെ ഈ കാലത്ത് സംസ്ഥാന ഗതാഗത വകുപ്പ് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. പ്രതിപക്ഷ നേതാവ് ഉന്നയിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഫയൽ നോക്കിയാലേ പറയാനാവൂ. ഇപ്പോഴുള്ള ഇ മൊബിലിറ്റി പദ്ധതി സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കൂടുതൽ കാര്യങ്ങൾ ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ശേഷം മറുപടി പറയാം. പദ്ധതിക്കായി ആർക്കും പ്രത്യേകിച്ച് ഒരു കരാറും നൽകിയിട്ടില്ലെന്നാണ് തന്റെ ധാരണയെന്നും മന്ത്രി പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി എന്ന നിലയിൽ താൻ ഒരു കമ്പനിയുമായും ചർച്ച ചെയ്തിട്ടില്ലെന്നും ഇതുപോലെ ഒരു കാര്യത്തിൽ മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.