പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം; 82 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് കൊച്ചിയിൽ പിടിയിൽ

single-img
27 June 2020

പൂജ ചെയ്ത് അസുഖം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രായമായ സ്ത്രീയെയും മകളേയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സ്വദേശി അലക്സിനെ കൊച്ചി സെൻട്രൽ പോലീസ് പിടികൂടി. തിരുവനന്തപുരംജില്ലയിലെ അമ്മയേയും മകളേയുമാണ് ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.

ഇവർ ഇരുവരും എറണാകുളം ജില്ലയിലെ പാലാരിവട്ടം വൈഎംസിഎ യിൽ രണ്ടുമാസം മുറിയെടുത്ത് താമസിച്ചിരുന്ന സമയം ഹൃദയ സംബന്ധമായ അസുഖം മാറ്റാൻ പൂജ ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കുമായി 9 ലക്ഷം രൂപ അലക്സ് വാങ്ങുകയായിരുന്നു. തുടർന്നും പല തവണകളായി ഇയാൾ 16 ലക്ഷം രൂപ ഇവരുടെ കൈകൾ നിന്നും വാങ്ങുകയുണ്ടായി.

പിന്നാലെ എടിഎം കാർഡ് തട്ടിയെടുത്ത് 45 ലക്ഷത്തോളം രൂപ പിൻവലിക്കുകയും വിവിധ സാധനങ്ങൾ വാങ്ങുകയും ചെയ്തു. ഇയാൾക്ക് പണത്തിന് ആവശ്യം വരുമോൾ നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവരും പൊലീസിൽ പരാതിപ്പെട്ടത്.

അമ്മയിൽ നിന്നും മകളിൽ നിന്നും തട്ടിയെടുത്ത പണം കൊണ്ട് അലക്സ് പാനായികുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിന് അടുത്ത വിലയുള്ള മൊബൈൽ ഫോണുകളും ആഡംബര ബൈക്കും മറ്റും വാങ്ങിയതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.