തമിഴ്നാട്ടിൽ സ്ഥിതി അതീവ ഗുരുതരം: തിങ്കളാഴ്ച മുതൽ ലോക് ഡൗൺ പ്രഖ്യാപിച്ചേക്കും

single-img
27 June 2020

തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അിയിച്ചു. ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും മുഖ്യമന്ത്രി ട്രിച്ചിയില്‍ പറഞ്ഞു.

തിങ്കളാഴ്ച ആരോഗ്യ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ എന്തൊക്കെയന്ന് ആദ്യം മനസിലാക്കും. അതോടൊപ്പം കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളും പരിഗണിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സർവ്വകക്ഷി യോഗം വിളിക്കാത്തതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. ലോകാരോഗ്യ സംഘടനയുടെയും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍വകക്ഷി യോഗം വിളിക്കുകയോ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയോ ചെയ്യേണ്ട കാര്യമില്ല. 

മരുന്നു കണ്ടു പിടിച്ചാല്‍ മാത്രമാണ് കോവിഡിനെ ഇല്ലായ്മ ചെയ്യാനാവുക. അതുകൊണ്ട് കോവിഡ് വ്യാപനം എന്ന് അവസാനിക്കും എന്നൊന്നും പറയാനാവില്ലെന്നും ചോദ്യത്തിന് ഉത്തരമായി എടപ്പാടി പളനിസ്വാമി പറഞ്ഞു.

ലോകത്ത് എല്ലായിടത്തും കോവിഡ് മൂലമുള്ള മരണം കൂടുകയാണ്. വികസിത രാജ്യങ്ങള്‍ പോലും വൈറസ് ബാധ മൂലം പ്രശ്‌നത്തിലായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മരണ സംഖ്യ പിടിച്ചുനിര്‍ത്താനും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനും സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളിലുടെ കഴിഞ്ഞതായി മുഖ്യമന്ത്രി അവകാശപ്പെട്ടു.