പുതിയ പട്ടാള സിനിമയുമായി മേജർ രവിയും മോഹൻലാലും; പ്രമേയം ഇന്ത്യ-ചൈന സംഘര്‍ഷം

single-img
27 June 2020

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി മലയാളത്തിൽ സൈനിക പശ്ചാത്തലത്തിലുളള ഒന്നിലധികം സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്രയായിരുന്നു ഈ കൂട്ടുകെട്ടില്‍ ആദ്യം പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.

അതിന് ശേഷം കുരുക്ഷേത്ര, കാണ്ഡഹാര്‍, 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ്, കര്‍മ്മയോദ്ധ എന്നീ സിനിമകളും മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുകെട്ടില്‍ വന്നിരുന്നു. ഇപ്പോൾ ഇതാ ഒരിടവേളയ്ക്ക് ശേഷം മേജര്‍ രവിയുടെ സംവിധാനത്തില്‍ പുതിയൊരു പട്ടാള സിനിമ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. നിലവിലെ ഇന്ത്യ-ചൈന സംഘര്‍ഷം പ്രമേയമാക്കികൊണ്ടുളള ഈ സിനിമയ്ക്ക് ‘ബിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നാള്‍വഴികളും ഇപ്പോഴും തർക്കത്തിൽ നിൽക്കുന്ന ഗാല്‍വന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നതെന്ന് മേജര്‍ രവി അറിയിച്ചു. ഇപ്പോഴുള്ള കോവിഡ് ഭീതി മാറിയാൽ 2021 ജനുവരിയില്‍ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ചൈന തുടർച്ചയായി നടത്തുന്ന കാരണമില്ലാതെയുള്ള പ്രകോപനവും ഇപ്പോഴത്തെ ഏകപക്ഷീയ ആക്രണവും കേന്ദ്രീകരിച്ചായിരിക്കും സിനിമ ഒരുക്കുകയെന്ന് മേജർ രവി കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തിൽ പറയുക്കുകയുണ്ടായി. കാശ്മീരിൽ ലേ ലഡാക്കിലാണ് ചിത്രീകരണം നടക്കുക എന്നും അദ്ദേഹം അറിയിച്ചു.