ഗോവയില്‍ കൊവിഡ് സമൂഹവ്യാപനം ആരംഭിച്ചു എന്നത് അംഗീകരിക്കാതെ പറ്റില്ല; പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

single-img
27 June 2020

ഗോവയില്‍ കൊവിഡ് 19 വൈറസിന്റെ സമൂഹവ്യാപനം ആരംഭിച്ചെന്നും ഇത് അംഗീകരിക്കാതെ വയ്യെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് രോഗികളില്‍ നിന്ന് മറ്റ് രോഗികളിലേക്ക് അസുഖം പടരുന്നതിന്‍റെ സൂചനയാണ്.അതുകൊണ്ടുതന്നെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രമോദ് സാവന്ത് വ്യക്തമാക്കി.

ഗോവയിലേക്ക് എത്തുന്ന എല്ലാവരും കൊവിഡ് 19 ടെസ്റ്റിന് വിധേയമാവുകയോ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പാലിക്കുകയോ ചെയ്യണമെന്ന നിര്‍ദേശം ഇപ്പോഴും പിന്തുടരുന്ന സംസ്ഥാനമാണ് ഗോവ. ജനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കപ്പെടുന്നുണ്ടെന്നും ആളുകള്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്നും പോലീസിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ മാസം അവസാനം വരെ കൊവിഡ് 19 മുക്തമായ സംസ്ഥാനമായിരുന്നു ഗോവ. എന്നാല്‍ മെയ് അവസാന വാരത്തോടെയാണ് ഇവിടെ വീണ്ടും കൊവിഡ് 19 കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.