ഇന്ത്യയിൽ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാം; അനുമതി നല്‍കി കേന്ദ്രസർക്കാർ

single-img
27 June 2020

രാജ്യത്തെ തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്‌സമെത്തസോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ ഉപയോഗിക്കുന്ന മിഥൈല്‍പ്രെഡ്‌നിസൊളോണ്‍ എന്ന മരുന്നിന്‍റെ പകരമാണ് ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വളരെ വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്‌സമെത്തസോണ്‍.

യുകെയില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്‌സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഈ ഫലം വന്ന പിന്നാലെ ലോകാരോഗ്യസംഘടന ഡെക്‌സമെത്തസോണ്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്ന ആഹ്വാനം നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗനിര്‍ദേശം എന്ന നിലയില്‍ തയ്യാറാക്കിയ ‘ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ കോവിഡ് 19 പരിഷ്‌കരിച്ച പതിപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.

ഇതില്‍ മണവും രുചിയും നഷ്ടപ്പെടുന്നത് കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളായി ഈ മാര്‍ഗനിര്‍ദേശത്തില്‍ ചേര്‍ക്കപ്പെട്ടു. ചികിത്സയില്‍ ഓക്‌സിജന്‍ സഹായം ആവശ്യമായവര്‍ക്കും അമിതമായ കോശജ്വലന പ്രതികരണം ഉള്ളവര്‍ക്കും ഡെക്‌സമെത്തസോണ്‍ നല്‍കാമെന്ന് പുതുക്കിയ ‘ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍: കോവിഡ് 19’ യില്‍ പറയുന്നു.