ചെഗുവേരയുടെ വീട് വിൽപ്പനയ്ക്ക്

single-img
27 June 2020

ലോകമെങ്ങുമുള്ള വിപ്ലവ യുവത്വങ്ങളുടെ പ്രതിനിധിയാണ് വിപ്ലവം കത്തുന്ന കണ്ണുകളും ചുണ്ടിൽ എരിയുന്ന ചുരുട്ടുമായി നിൽക്കുന്ന ആ താടിക്കാരൻ. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ലെന്നു സാമ്രാജ്യത്വ ശക്തികളോട് തൻ്റെ മരണത്തിനു ശേഷവും വിളിച്ചു പറഞ്ഞ വ്യക്തി. പുതിയൊരു ലോകം സ്വപ്നം കാണ്ടുകൊണ്ട് തൻ്റെ ഇരുചക്ര വാഹനത്തിൽ ലാറ്റിൻ അമേരിക്ക ചുറ്റി സഞ്ചരിച്ച് അവിടെ വിപ്ലവത്തിൻ്റെ വിത്തു പാകി, ആ ലോകം സാക്ഷാത്കരിക്കുവാൻ ശ്രമിച്ച നായകൻ. ക്യൂബൻ വിപ്ലവ നായകനെന്നു ലോകമറിഞ്ഞ ഏണസ്‌റ്റോ ചെ ഗുവേര. 

ജന്മം കൊണ്ട് അർജൻ്റീനക്കാരനായ ചെ യുടെ ഓർമ്മകൾ പേറുന്ന അർജൻ്റീനയിലെ ജന്മഗൃഹം വിൽക്കാനൊരുങ്ങുന്നു എന്ന വാർത്താണ് ഇപ്പോൾ കേൾക്കുന്നത്. അർജൻ്റീനയിലെ റൊസാരിയോയിലാണ് ധീര വിപ്ളവ നായകനായ അദ്ദേഹത്തിൻ്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. വിപ്ലവങ്ങളിലേക്കും സ്വാതന്ത്ര്യ സ്വപ്‌നങ്ങളിലേക്കും ചെഗുവേര ചിന്തിച്ചു തുടങ്ങിയത് ഈ വീട്ടിൽ നിന്നായിരുന്നു. ചെ യുടെ പിൽക്കാലത്തെ ഓരോ നീക്കങ്ങളിലും ഈ വീടിൻ്റെ സാന്നിദ്ധ്യം ഒളിഞ്ഞുകിടപ്പുണ്ട്. ഇന്നും ചെയുടെ ഓർമ്മകൾ തിരഞ്ഞ് ആ വീട്ടിലെത്തുന്നവർ കുറവല്ല. 

ചെ ഉപയോഗിച്ചിരുന്ന ഫർണിച്ചർ, കുടുംബ ചിത്രങ്ങൾ, അദ്ദേഹത്തിൻ്റെ കൈയ്യെഴുത്തിലുള്ള ചിത്രങ്ങൾ തുടങ്ങിയവ ഇന്നും ചെയുടെ സ്‌മരണകൾ പേറുന്ന ഈ വീട്ടിലെത്തിയാൽ കാണാൻ കഴിയുമെന്നുള്ളതും പ്രത്യേകതയാണ്. ചെ യുടെ മരണശേഷവും നിരവധി പ്രമുഖരാണ് അദ്ദേഹത്തിൻ്റെ ഈ വീട് സന്ദർശിച്ചത്. ലോകത്ത് അങ്ങോളമിങ്ങോളമുള്ള യുവത്വങ്ങളുടെ മനസ്സിൽ ചെ ഇന്നും ജീവിച്ചിരിക്കുന്നു എന്നുള്ളതിൻ്റെ പ്രത്യക്ഷ സൂചന കൂടിയായിരുന്നു ഈ വീട് കാണാനെത്തുന്നവരിലൂടെ ലോകം കണ്ടതും. 

പ്രമുഖരായ ഒരുപാട് സന്ദർശകർ ഈ വീട് കാണാനായി എത്തിയിട്ടുണ്ട്. ഉറുഗ്വെ മുൻ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡൽ കാസ്‌ട്രോയുടെ മക്കൾ തുടങ്ങിയവരും ഇവിടം സന്ദർശിച്ച പ്രമുഖരാണ്. ഈ വീട് സന്ദർശിച്ചവരിൽ  ഏറ്റവും പ്രമുഖൻ ചെഗുവേരയുടെ ആത്മാർത്ഥ സുഹൃത്തു കൂടിയായ ആൽബർട്ടോ ഗ്രനഡോസായിരുന്നു. തെക്കേ അമേരിക്കയിലൂടെ ചെ ഗുവേര 1950കളിൽ നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിൽ ഒപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു ആൽബർട്ടോ ഗ്രനഡോസായിരുന്നു.

അർജൻ്റീനയുടെ പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന ഒരു വീടാണ് ചെഗുവേരയുടെ ജന്മഗൃഹം. ഓഫ് വൈറ്റ് ചുമരുകളുള്ള വീട്ടിൽ തടികെണ്ടുള്ള ഫ്‌ളോറിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലാണ് വീടിൻ്റെ നിർമാണവും. ഈ വീട്ടിലെ ഏറ്റവും പ്രധാന കാഴ്ചയെന്താണെന്നു ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു. ചെയുടെ മോട്ടോർ സെെക്കിൾ. 

ലോകം മാറ്റി മറിച്ച ചെയുടെ യാത്രകൾക്ക് കൂട്ടായിരുന്ന മോട്ടോർ സൈക്കിളും ഈ വീട്ടിൽ അതുപോലെ തന്നെ സംരക്ഷിച്ചിരിക്കുകയാണ്. 1930ൽ ചെയുടെ കുടുംബംഈ വീട്ടിൽ നിന്ന് താമസം മാറിയിരുന്നു. ഇപ്പോൾ വീടിൻ്റെ ഉടമസ്ഥൻ ഫ്രാൻസിസ്‌കോ ഫറൂഗിയയാണ്. 

2002ലാണ് 2580 ചതുരശ്ര അടി വിസ്‌തീർണമുള്ള ഈ വീട് ഫറൂഗിയ  വാങ്ങുന്നത്. ചെ യുടെ സ്മരണകളുറങ്ങുന്ന ഈ വീട് ഒരു സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു അന്ന് അദ്ദേഹം വീട് വാനങ്ങിയതും ഇത്രയും കാലം സംരക്ഷിച്ചതും. എന്നാൽ പന്തുകൊണ്ടോ അത് നടന്നില്ല. 

വീട് വിൽക്കുകയാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട് എങ്കിലും എത്ര വിലയ്ക്കാണ് വീട് വിൽക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.