കേന്ദ്ര സർക്കാർ കേരളത്തെ അഭിനന്ദിച്ചിട്ടില്ല, മണ്ടത്തരം മനസ്സിലാക്കിയതിന് അഭിനന്ദനങ്ങൾ എന്നാണ് പറഞ്ഞത്: വി മുരളീധരൻ

single-img
26 June 2020

സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രാലയം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്നും പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട അപ്രായോഗിക സമീപനം മാറ്റിയതിനെയാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. 

മണ്ടത്തരം മനസ്സിലാക്കിയതിന് കോംപ്ലിമെന്റ്  എന്നാണ് കത്തിലെ ഉള്ളടക്കമെന്ന് വി മുരളീധരന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. തുടര്‍ന്നാണ് മാസ്‌കും ഷീല്‍ഡും ധരിച്ചുവന്നോട്ടെ എന്ന ആവശ്യം വ്യക്തമാക്കി കത്തയച്ചത്. ഇതിനാണ് അപ്രായോഗിക സമീപനം മാറ്റി, പ്രായോഗികതയിലേക്ക് വന്നതില്‍ സന്തോഷം എന്ന് അറിയിക്കുകയായിരുന്നുവെന്നാണ് മുരളീധരൻ പറയുന്നത്. 

വിദേശകാര്യ സെക്രട്ടറി എഴുതിയ കത്തില്‍ കോവിഡ് പരിശോധന, പിപിഇ കിറ്റ് എന്നിവയെക്കുറിച്ച് പരാമര്‍ശമില്ല. മാസ്‌കും ഫെയ്‌സ്ഷീല്‍ഡും ഗ്ലൗസും ധരിക്കണം എന്ന നിബന്ധന വിമാനക്കമ്പനികളുമായി നേരിട്ട് സംസാരിച്ചോളൂ. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. നിങ്ങളുടെ ആവശ്യം അതത് രാജ്യങ്ങളിലെ അംബാസഡര്‍മാരെ അറിയിക്കാം എന്നാണ് പറഞ്ഞത്. ഇതാണ് അഭിനന്ദനമായി കൊട്ടിഘോഷിച്ചത്. അഭിനന്ദനമാണോ, വിമര്‍ശനമാണോ എന്നറിയാന്‍ പറ്റാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളതെന്നും മുരളീധരന്‍ ചോദിച്ചു.