ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; ആറാം പ്രതി കീഴടങ്ങി

single-img
26 June 2020

പ്രശസ്ത തെന്നിന്ത്യൻ നടിയും മലയാളിയുമായ ഷംന കാസിമിനെ കൊച്ചിയിൽ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതികൂടി കീഴടങ്ങി. തൃശൂർ വാടാനപ്പള്ളി സ്വദേശി അബൂബക്കർ ആണ് ഇന്ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

ദുബായിലെ വരൻ അൻവറിന്റെ അച്ഛനാണ് എന്ന രീതിയിൽ നടിയുടെ വീട്ടിലെത്തിയത് അബൂബക്കർ ആയിരുന്നു. കേസിൽ മുൻപ് പോലീസ് പിടിയിലായ മുഖ്യ പ്രതികളിൽ ഒരാളായ റഫീഖിന്റെ ബന്ധുവാണ് അബൂബക്കർ. ഇയാൾ കീഴടങ്ങിയതോടെ കേസിൽ പോലീസ് പിടിയിലായവരുടെ എണ്ണം ആറായി.

അതേപോലെ കേസിൽ മറ്റൊരു പ്രതിയും ഇന്ന് പോലീസിന്‍റെ പിടിയിലായി. കോടതിയിൽ നേരിട്ട് കീഴടങ്ങാനെത്തിയ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ അബദുൾ സലാമിനെയാണ് ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.

നടിയുടെ വീട്ടിലേക്ക് കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബദുൾ സലാമും ഉൾപ്പെട്ടിരുന്നു. ഈ സംഭവത്തിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്.