നമ്മുടെ സൈനികരെ എന്തിന് നിരായുധരായി ചൈനീസ് പട്ടാളത്തിന് മുന്നിലേക്കയച്ചു? മോദിയോട് പ്രിയങ്കാ ഗാന്ധി

single-img
26 June 2020

ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളത്തിന് മുന്നിലേയ്ക്ക് ആയുധമില്ലാതെ അയച്ചതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രിയങ്ക, നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

“നമ്മുടെ സൈനികരെ എന്തുകൊണ്ട് നിരായുധരായി ചൈനീസ് പട്ടാളത്തിന് മുന്നിലേയ്ക്കയച്ചു എന്ന് ഇന്ത്യയിലെ ജനങ്ങൾക്കറിയണം. അവർക്ക് മരിച്ച് വീണ മണ്ണ് നമ്മുടേതാണ്. നമ്മുടെ മണ്ണ് ചൈനയ്ക്ക് തീറെഴുതിക്കൊടുക്കാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല”

പ്രിയങ്കാ ഗാന്ധി പറയുന്നു.

പ്രധാനമന്ത്രി ചൈനയിലെ നേതാക്കന്മാരുമായി സൌഹൃദത്തിലാണ്. അവരുമായി മോദി എന്താണ് സംസാരിച്ചത്. അവരെ എന്താണ് അദ്ദേഹം മനസിലാക്കിയത്? നമ്മുടെ മണ്ണിൽ അതിക്രമിച്ച് കയറാൻ അവർക്ക് എങ്ങനെയാണ് ധൈര്യമുണ്ടായത്? ഇങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മോദി ബാധ്യസ്ഥനാണെന്നും പ്രിയങ്ക പറഞ്ഞു.

ഈ രാജ്യത്തിനായി നിരവധിപേർ ജീവൻ നൽകിയിട്ടുണ്ട്. അവരുടെ രക്തസാക്ഷിത്വത്തെ രാഷ്ട്രീയവൽക്കരിക്കുന്നതും അതിനെ നിരാകരിക്കുന്നതും തെറ്റാണ്. അവരുടെ രക്തസാക്ഷിത്വം വ്യർത്ഥമാകാൻ പാടില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.