പരസ്യമായി മാപ്പു പറയണം: നടന്‍ ശ്രീനിവാസൻ്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാരുടെ മാർച്ച്

single-img
26 June 2020

നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് അംഗന്‍വാടി ജീവനക്കാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. തങ്ങളെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് അംഗന്‍വാടി ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തിയത്. അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ ശ്രീനിവാസന്‍ പരസ്യമായി മാപ്പുപറയാന്‍ തയ്യാറാകണമെന്ന് ജീവനക്കാർ  ആവശ്യപ്പെട്ടു. 

അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അംഗന്‍വാടി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇന്ന് രാവിലെ കൊച്ചിയിലെ ശ്രീനിവാസന്റെ വീട്ടിലേക്കാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കൊച്ചിയിലെ 50 ഓളം ജീവനക്കാര്‍ പങ്കെടുത്തു. മാര്‍ച്ച് വീടിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞു. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് മറ്റു ജില്ലകളിലുളള ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ നിലയില്‍ മാര്‍ച്ച് സംഘടിപ്പിക്കാതിരുന്നതെന്ന് അംഗന്‍വാടി ജീവനക്കാര്‍ പറയുന്നു.

അംഗന്‍വാടി അധ്യാപികമാര്‍ ഒരു വിദ്യാഭ്യാസവും ഇല്ലാത്തവരാണെന്നും ജോലിയൊന്നും ഇല്ലാത്തവരെയാണ് പിടിച്ചു നിര്‍ത്തുന്നതെന്നും ചാനല്‍ അഭിമുഖത്തിനിടെ ശ്രീനിവാസന്‍ പറഞ്ഞതാണ് വിവാദമായത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ശ്രീനിവാസന് എതിരെ കേസെടുത്തിരുന്നു.  പരസ്യമായി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് അംഗന്‍വാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തിയത്.