പുഷ്പവതിയുടെ കൊലപാതകം: 20 സ്ത്രീകളെ കൊലപ്പെടുത്തിയ സെെനഡ് മോഹന് ജീവപര്യന്തം

single-img
26 June 2020

വിവാഹവാഗ്ദാനം നല്‍കി 20 യുവതികളെ കൊലപ്പെടുത്തിയ സെെനഡ് പ്രതിക്ക് കോടതി വിധിച്ചത് ജീവപര്യന്തം. യുവതികളുമായി ശാരീരികബന്ധം നടത്തുകയും അവരെ പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് ബണ്ട്വാള്‍ കന്യാനയിലെ സയനൈഡ് മോഹന്‍ അഥവാ മോഹന്‍കുമാർ എനന് ഇന്നത്തെ 56 വയസ്സുകാരൻ അവലംബിച്ചിരുന്നത്. മംഗളൂരു അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി വ്യാഴാഴ്ച ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മുള്ളേരിയ കുണ്ടാര്‍ സ്വദേശിനിയായ പുഷ്പാവതി എന്ന 25കാരിയെ  കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കാസര്‍കോട്ടെ ഒരു ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഇവര്‍. പുഷ്പാവതിക്ക് വിവാഹവാഗ്ദാനം നല്‍കിയ ശേഷം ജൂലായ് എട്ടിന് ഇയാള്‍ അവരോട് സുള്ള്യയിലെത്താന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പുഷ്പാവതിയെയും കൂട്ടി ബംഗളൂരുവിലെത്തിയ മോഹന്‍കുമാര്‍ അവിടെ ഹോട്ടലില്‍ മുറിയെടുത്ത് ശാരീരികമായി ബന്ധപ്പെട്ടു. അവരുടെ ആഭരണങ്ങള്‍ അവിടെ അഴിച്ചുവെയ്പ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് സ്ത്രീയുമായി അടുത്തുള്ള ബസ്സ്റ്റാന്‍ഡിലെത്തിയ മോഹൻ ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന് പറഞ്ഞ് സയനൈഡ് നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ടോയ്‌ലറ്റില്‍ കയറി ഗുളിക കഴിച്ച പുഷ്പാവതി അവിടെത്തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ബസ്സ്റ്റാന്‍ഡിലുണ്ടായിരുന്ന ഉപ്പാര്‍പേട്ട് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഇവരെ ആസ്പത്രിയിലെത്തിച്ചെങ്കിലും അവർ മരണപ്പെട്ടു.  ബസ് സ്റ്റാന്‍ഡില്‍നിന്ന് തിരികെ മുറിയിലെത്തിയ മോഹന്‍കുമാര്‍ പുഷ്പാവതിയുടെ ആഭരണങ്ങളുമെടുത്ത് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. 

ഈ കേസ് തെളിയുന്നത് സംഭവം നടന്ന് മുന്നു മാസങ്ങൾക്കു ശേഷമാണ്. 2009 ഒക്ടോബര്‍ 21ന് മോഹന്‍കുമാര്‍ മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലാവുകയായിരുന്നു. ചോദ്യംചെയ്യലിനിടയില്‍ പുഷ്പാവതിയടക്കം 20 യുവതികളെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ പുറത്തു വരികയുമായിരുന്നു. പൊലീസും ലോകവും ഒരുപോലെ ഞെട്ടിയ സമയമായിരുന്നു അത്. 

19 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ നേരത്തേ ആറു കേസുകളില്‍ വധശിക്ഷയും 13 കേസുകളില്‍ ജീവപര്യന്തവും ശിക്ഷവിധിച്ചിരുന്നു. ഇതില്‍ ഒരു കേസില്‍ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. രണ്ടു കേസുകളിലെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷാവിധികളില്‍ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.