ഇന്ന് ഷംനാ കാസിമിന് സംഭവിച്ചത് അന്ന് നടി ഇനിയയുടെ വീട്ടിലും നടന്നു: വിവാഹാലോചനയുടെ പേരിൽ കുടുംബത്തിൽ ബന്ധം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നത് മലയാള സിനിമാരംഗത്ത് ആദ്യമല്ല

single-img
25 June 2020

സിനിമാനടി ഷംന കാസിമിനെ വിവാഹമാലോചിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവാഹ ആലോചനയുമായാണ് സംഘം നടിയുടെ വീട്ടുകാരുമായി അടുക്കുന്നതെന്നും  വരൻ്റെ ചിത്രമായി സംഘം അയച്ചുകൊടുത്തത് കാസര്‍കോട് സ്വദേശിയായ ടിക് ടോക് താരത്തിന്റെ ഫോട്ടോയും വീഡിയോകളുമാണെന്നുള്ള വിവരവും പുറത്തു വന്നുകഴിഞ്ഞു.

മാസങ്ങൾക്കു മുൻപു നടന്ന ഈ സംഭവം പുറത്തുവന്നതോടെ മലയാള സിനിമ രംഗത്ത് ചെറുതല്ലാത്ത ഞെട്ടൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ രംഗത്ത് ഇത്തരം സംഭവങ്ങൾ പുതുമയുള്ളതല്ല എന്നുള്ളതാണ് വാസ്തവം. വർഷങ്ങൾക്കു മുമ്പ് നടി ഇനിയയുടെ തിരുവനന്തപുരത്തെ വീട്ടിലും ഇത്തരത്തിലൊരു സംഭവം നടന്നിരുന്നു. 2014ൽ ഇനിയയുടെ സഹോദരിയെ വിവാഹം ആലോചിച്ചു വന്ന വ്യക്തിയാണ് അന്ന് തട്ടിപ്പു നടത്തിയതും പൊലീസിൻ്റെ പിടിയിലായതും. 

ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരനായിരുന്ന ഷെബിൻ(32) ഇയാളുടെ സുഹൃത്ത് സജി(45) എന്നിവരാണു അന്നു പിടിയിലായത്.വീട്ടിലെ  നിത്യസന്ദർശകനായിരുന്ന ഇയാളേയും കൂട്ടാളിയേയും മോഷണം നടത്തിയതിനു പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അന്നും സംഭവങ്ങൾ നാടകീയമായിരുന്നു. ഇനിയയും മാതാപിതാക്കളായ സലാഹുദീനും സാവിത്രിയും സഹോദരൻ ശ്രാവണും സഹോദരി സ്വാതിയും മോഷണത്തിന് ആസൂത്രണം ചെയ്ത സ്വാതിയുടെ പ്രതിശ്രുത വരൻ ഷെബിനും രാത്രി 8.45 ന് സിനിമയ്ക്ക് പോയപ്പോഴാണു വീട്ടിൽ മോഷണം നടന്നത്. മോഷണം ആസൂത്രണം ചെയ്ത ശേഷം ഷെബിൻ ടിക്കറ്റ് എടുത്ത് നൽകി ഇവർക്കൊപ്പം സിനിമയ്ക്ക് പോവുകയായിരുന്നു. ഈ സമയം ഷെബിന്റെ കൂട്ടാളികൾ വീട്ടിലെത്തി മോഷണം നടത്തുകയായിരുന്നുവെന്നാണ് തെളിഞ്ഞത്. 

മോഷണം നടന്ന ശേഷം കരമന പൊലീസിൽ പരാതി നൽകിയതും ഫോറൻസിക് വിദഗ്ധർ എത്തിയപ്പോൾ കാര്യങ്ങൾ വിശദീകരിച്ചതുമെല്ലാം ഷെബിനായിരുന്നു. വീട്ടുകാർക്കും പൊലീസിനും ഒരു സംശയവും തോന്നാത്ത നിലയിലായിരുന്നു അന്നു ഷെബിൻ്റെ പ്രവർത്തനം. 

സിനിമയമയ്ക്ക് താമസിച്ചെത്തിയ ഇനിയയുടെ സഹോദരൻ ശ്രാവണെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യം അന്വേഷണം നടന്നത് എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റക്കാരൻ അല്ലെന്ന് മനസ്സിലായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു ഷെബിൻ്റെ സംഘത്തിൻ്റെ പങ്ക് വെളിപ്പെട്ടത്. ഇതിനിടെ കരുപ്പോട്ടി സജിയെന്ന വ്യക്തിയെ പൊലീസ് പിടികൂടിയതോടെ ഷെബിനിന്റെ പങ്ക് പൂർണമായി വെളിപ്പെടുകയും ചെയ്തു. ഷെബിൻ പൊലീസ് മുമ്പാകെ കുറ്റം സമ്മതിക്കുകയായിരുന്നു. 

വീട്ടിലെ നിത്യസന്ദർശകരായിരുന്ന ഷെബിൻ വീടിൻ്റെ താക്കോൽ സംഘടിപ്പിച്ച് അതിന്റെ ഡ്യൂപ്ളിക്കേറ്റ് കീ ഉണ്ടാക്കിയെടുത്തു. തുടർന്ന് മോഷണസംഘത്തെ കാര്യങ്ങൾ പറഞ്ഞേല്പിച്ച ശേഷം ഷെബിൻ വീട്ടുകാർക്കൊപ്പം സിനിമയ്ക്ക് പോയത്.

ഷംനാ കാസിമിൻ്റെ വീട്ടിൽ നടന്ന തട്ടിപ്പിലും സമാനമായ ചില സംഭവങ്ങൾ ഉണ്ട്. വിവാഹാലോചനയ്‌ക്കെന്ന പേപേരിലാണ് ഷംനയുടെ കുടുംബത്തെ പ്രതികള്‍ ഫോണിലൂടെ സമീപിക്കുന്നത്. ഷംനയുടെ കുടുംബം താത്പര്യം അറിയിച്ചു. തുടര്‍ന്ന് പയ്യനും പിതാവും പെണ്ണുകാണാന്‍ എത്താമെന്നറിയിക്കുകയായിരുന്നു. 

രണ്ടുകുട്ടികളുടെ പിതാവയ റഫീക്കാണ് വനായി എത്തിയത്. വിവാഹം കഴിക്കാൻ താത്പര്യമറിയിച്ച് മാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയ റഫീഖും സംഘവും വളരെവേഗം കുടുംബവുമായി അടുക്കുകയായിരുന്നു. ഏതു സമയത്തും ആ കുടുംബത്തിൽ കയറിചെല്ലുവാൻ കഴിയുന്ന ഒരാളായി റഫീക്ക് മാറി. വിവാഹാലോചനയുമായി മരടിലെ വീട്ടിലെത്തിയ സംഘം വീടും പരിസരവും മൊബൈലിൽ ചിത്രീകരിച്ചിരുന്നതായും കുടുംബം പറയുന്നു. പിന്നാലെയാണ് ഭീഷണി ആരംഭിച്ചതും അറസ്റ്റ് ഉൾപ്പെടെയുള്ള സംഭവങ്ങളിലേക്ക് നീങ്ങിയതും.