പിടിച്ചാൽ കിട്ടാത്ത രീതിയിൽ കേരളം മുന്നോട്ടുപോകുന്നു, തൃശൂർ ജില്ല ഭാഗികമായി അടച്ചു: ഇനി പറച്ചിലില്ല പ്രവർത്തനം മാത്രമെന്ന് ഡിജിപി

single-img
25 June 2020

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.  ഈ പശ്ചാത്തലത്തില്‍ രോഗവ്യാപനത്തിന് തടയിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരം  നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നിലവില്‍വന്നു.

തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടുന്ന ശ്രീമൂലനഗരം, വെങ്ങോല, നായരമ്പലം പ്രദേശങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡിജിപി വ്യക്തമാക്കി.

ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികള്‍ കൂടുതലുള്ള ആറു ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും ഡിജിപി പറഞ്ഞു. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ കൂടുതല്‍ പൊലീസുകാര്‍ രംഗത്തുണ്ടാകും. 

സാങ്കേതിക വിഭാഗത്തിലേത് ഉള്‍പ്പെടെ 90 ശതമാനം പൊലീസുകാരും കോവിഡ് ഡ്യൂട്ടിക്കിറങ്ങും. കണ്ടെയ്ന്‍മെന്റ് സോണുകളിലടക്കം അതി കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്നും ഡിജിപി പറഞ്ഞു.

രോഗികളുടെ എണ്ണം കൂടിയതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരികെ കൊണ്ട് വരികയാണ്. കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പലയിടത്തും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന്റെ ശക്തമായ ഇടപെടലുണ്ടാകുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഓർമ്മപ്പെടുത്തി.