പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആദ്യമായി ഹിന്ദുക്ഷേത്രം ഉയരുന്നു: ക്ഷേത്രത്തിനായി നാലരക്കോടി മുടക്കി പാക് സർക്കാർ

single-img
25 June 2020

പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ ആദ്യമായി ഹിന്ദുക്ഷേത്രം നിർമ്മിക്കാൻ അനുമതി ലഭിച്ചു. ഇഇസ്ലാമാബാദിലെ ഹൈന്ദവ വിശ്വാസികൾക്ക് പൂജകൾക്കായി മറ്റ് ന​ഗരങ്ങളിലേക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കുന്നതിനായാണ് ക്ഷേത്രം നിർമ്മിക്കുന്നത്.  ഇസ്ലാമാബാദിലെ എച്ച്-9 പ്രവിശ്യയിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. 

ക്ഷേത്ര നിർമ്മാണത്തിനു മുന്നോടിയായി ചെറിയ ചടങ്ങും സംഘടിപ്പിച്ചു. തലസ്ഥാന നഗരത്തിലുള്ള ഹിന്ദു മതവിശ്വാസികളുടെ എണ്ണം വളരെയധികം വർദ്ധിച്ചെന്നും അതുകൊണ്ടുതന്നെ ക്ഷേത്രം അനിവാര്യമായി മാറിയെന്നും ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ ചുമതലയുള്ള പാർലമെന്ററി സെക്രട്ടറി ലാൽ ചന്ദ് മൽഹി പറഞ്ഞു. 

ഇതോടൊപ്പം ഇസ്ലാമബാദിൽ ഇവർക്കായി ശ്മശാനം ഇല്ലെന്നതും നിർമ്മാണത്തിന് പിന്നിലെ കാരണമായി അദ്ദേഹം എടുത്തു പറഞ്ഞു. ശ്രീ കൃഷ്ണ മന്ദിർ എന്നാണ് ക്ഷേത്രത്തിന് പേരിട്ടിരിക്കുന്നത്. 20,000 ചതുരശ്ര അടിയുള്ള സ്ഥലമാണ് ക്ഷേത്രനിർമാണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 2017ൽ അനുവദിച്ച സ്ഥലമാണിത്. നിയമപരമായ മറ്റ് അനുമതികൾ ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ക്ഷേത്രനിർമാണം വൈകിപ്പിച്ചത്. 

നാലര കോടിയിലധികം വരുന്ന നിർമ്മാണചിലവ് പാക്ക് സർക്കാരാണ് വഹിക്കുന്നത്.