ക്വാറൻ്റെെനിൽ പോകേണ്ട പ്രവാസികൾക്ക് പൊതു വേദിയിൽ സ്വീകരണം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെകേസ്

single-img
25 June 2020

കൂരാച്ചുണ്ടില്‍ വിദേശത്ത് നിന്നെത്തിയ പ്രവാസികള്‍ക്ക് പൊതു സദസ്സില്‍ സ്വീകരണം നല്‍കിയ കേസില്‍ പത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ ഒ. കെ അമ്മത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. കൈരളി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കൂരാച്ചുണ്ട് ഡി.വൈ.എഫ്‌.ഐയും നല്‍കിയ പരാതിയിലാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ. കെ അമ്മതിനെ കൂടാതെ, യൂത്ത് ലീഗ് പ്രവര്‍ത്തകരായ അലി പുതുശ്ശേരി, സിറാജ്, ഫവാസ്, നസീര്‍, ഷംനാദ്, അഫ്‌സല്‍, ദില്‍ഷാദ്, ബഷീര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നെത്തിയവര്‍ക്ക് സ്വീകരണം നടത്തിയത്. ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് കൊണ്ടു പോകേണ്ട പ്രവാസികളെ പഞ്ചായത്ത് ഓഫീസില്‍ എത്തിച്ച് പ്ലക്കാര്‍ഡും ബാനറുകളുമായി സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.