ഈ പരിപാടി ഇതിനുള്ളിൽ നടക്കില്ല: ട്രംപിന് വീണ്ടും ട്വിറ്ററിൻ്റെ മുന്നറിയിപ്പ്

single-img
24 June 2020

പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ട്വിറ്ററിൻ്റെ മുന്നറിയിപ്പ്. അമേരിക്കന്‍ തലസ്ഥാനത്തെ പ്രതിഷേധക്കാര്‍ക്ക് നേരെ ‘ഗുരുതരമായ ബലപ്രയോഗം’ നടത്തുമെന്ന ട്രംപിൻ്റെ ട്വീറ്റിനെതിരെയാണ് ട്വിറ്റർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ട്രംപിൻ്റെ ട്വീറ്റുകൾക്ക് ട്വിറ്റര്‍ മുന്നറിയിപ്പ് ലേബല്‍ നല്‍കുന്നത്. 

‘ഞാന്‍ നിങ്ങളുടെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം വാഷിങ്ടണ്‍ ഡി.സിയില്‍ ഒരു ‘സ്വയംഭരണ മേഖല’ ഉണ്ടാകില്ല. അതിന് ശ്രമിച്ചാല്‍ ഗുരുതരമായ ബലപ്രയോഗം നേരിടേണ്ടിവരും! എന്നാണ് ട്രംപിന്റെ ട്വീറ്റ്. ഇത് ട്വിറ്ററിന്റെ നയ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റിന് ലേബല്‍ നല്‍കിയിരിക്കുന്നത്. 

മുന്നറിയിപ്പ് നോട്ടീസ് ലഭിച്ച ട്വീറ്റുകള്‍ ട്വിറ്ററില്‍ നിന്നും മറയ്ക്കപ്പെടും.  ലേബല്‍ പതിപ്പിക്കുന്നതിന് മുമ്പ് 150,000 പേര്‍ ട്രംപിന്റെ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 30,000 പേര്‍ അത് റീട്വീറ്റ് ചെയ്യുകയും 12000 പേര്‍ ഇതില്‍ കമന്റ് ചെയ്തിരുന്നു.

വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ തിങ്കളാഴ്ച ”ബ്ലാക്ക് ഹൗസ് ഓട്ടോണമസ് സോണ്‍” പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് ട്വീറ്റ് പോസ്റ്റ് ചെയ്തത്. വൈറ്റ് ഹൗസിനടുത്തുള്ള സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പൽ ചര്‍ച്ചിന് മുന്‍വശത്ത് പ്രതിഷേധക്കാര്‍ കയ്യടക്കിയ ക്യാപ്പിറ്റൽ ഹില്‍ ഓര്‍ഗനൈസ്ഡ് പ്രൊട്ടസ്റ്റ് അല്ലെങ്കില്‍ ക്യാപ്പിറ്റൽ ഹില്‍ ഓട്ടോണമസ് സോണ്‍ എന്നറിയപ്പെടുന്ന സിയാറ്റില്‍ മേഖലയയൊണ് ‘ ബ്ലാക്ക് ഹൗസ് ഓട്ടോണസ് സോണ്‍’ ആയി പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസിന് സമീപത്തുള്ള പ്രക്ഷോഭകരെ പോലീസ് ചൊവ്വാഴ്ച നീക്കം ചെയ്തിരുന്നു. 

പിന്തുണയ്ക്കുന്നവരെ അണിനിരത്താനും എതിരാളികളെ പരിഹസിക്കാനും വര്‍ഷങ്ങളായി തടസ്സമില്ലാതെ ട്വിറ്റര്‍ ഉപയോഗിച്ചുവന്ന ട്രംപിനെ ഒരിക്കല്‍ കൂടി നോട്ടീസ് നല്‍കി വെല്ലുവിളിച്ചിരിക്കുകയാണ് ട്വിറ്റര്‍. നേരത്തെ ഇതേ വിഷയത്തില്‍ ട്രംപ് പങ്കുവെച്ച ഒരു ട്വീറ്റ് ട്വിറ്റര്‍ ലേബല്‍ ചെയ്തിരുന്നു.