മരിച്ച യൂണിയൻ സെക്രട്ടറി വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ: ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

single-img
24 June 2020

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ചേര്‍ത്തല യൂണിയന്‍ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നത്.  67 പേജ് വരുന്ന കുറിപ്പില്‍  തട്ടിപ്പ് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മഹേശന്‍ ആരോപിക്കുന്നു.  

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ വിശ്വസ്തരില്‍ ഒരാളായിരുന്നു മഹേശൻ. കണിച്ചുകുളങ്ങര താലൂക്ക് യൂണിയന്റെ പേരിലാണ് ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചേര്‍ത്തല യൂണിയന്റെ അഡ്മിനിസ്‌ട്രേറ്ററായും ആറുവര്‍ഷ കാലം ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സമയത്ത് ഒന്നര കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 

ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് നോട്ടീസ് അയച്ചതായും അറിയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി യൂണിയനില്‍ സംഘടനപരമായ ചില തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ദീര്‍ഘകാലമായി മഹേശന്‍ യൂണിയന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്.

ഇന്നു രാവിലെ ഏഴരയോടെയാണ് ഇദ്ദേഹം ഓഫീസിലേക്ക് പോയത്. ഓഫീസിന്റെ പിന്നിലാണ് മഹേശന്റെ വീട്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലേക്ക് തിരിച്ചുവരാതായതോടെ അനന്തരവന്‍ ഫോണില്‍ വിളിച്ചു നോക്കി. എന്നാല്‍ ഫോണ്‍ എടുത്തില്ലെന്നാണ് പൊലീസ് പറയുന്നു. തുടര്‍ന്ന് ഓഫീസില്‍ വന്ന് അന്വേഷിച്ചപ്പോള്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ എസ്എന്‍ഡിപി യൂണിയന്‍ ഓഫീസിലെ തന്റെ മുറിയില്‍ മഹേശനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൈക്രോഫിനാന്‍സ് ചീഫ് കോര്‍ഡിനേറ്ററാണ് മഹേശന്‍. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരികയാണ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.