റബ്ബറിന് വിലയില്ലെങ്കിലെന്താ? ചെറിയ മുടക്കുമുതലിൽ വലിയ വരുമാനമുണ്ടാക്കാൻ `കാന്താരി´യുണ്ട്: നടപ്പിലാക്കി കാട്ടിയവരുമുണ്ട്

single-img
24 June 2020

കാന്താരി മുളക്. വീടിൻ്റെ അടുക്കളവശത്തും തൊടിയിലുമൊക്കെ വളർന്നു നിൽക്കുന്ന നാട്ടു ചെടി. വീട്ടിൽ ചക്കയോ മരിച്ചിനിയോ പുഴുങ്ങുമ്പോൾ അതിനൊപ്പം കഴിക്കാനും നാരങ്ങയോ മാങ്ങയോ ഉപ്പിലിടുമ്പോൾ അതിലുപയോഗിക്കുവാനുമാണ് സാധാരണ കാന്താരി നാം ഉപയോഗിക്കുന്നത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു പറയുന്നതു പോലെ നമ്മെ സംബന്ധിച്ച്  വീട്ടിലെ കാന്താരിക്ക് വിലയുമില്ല. അങ്ങനെയുള്ളൊരു ചെടിയും ഫലവും വലിയ വരുമാനം നേടിത്തരുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? ഭൂരിപക്ഷം പേരും തമാശ എന്നു പറഞ്ഞ് അതു തള്ളിക്കളയും. എന്നാൽ കോട്ടയം കണമലയിലെ ജനങ്ങളോട് അതു പറഞ്ഞാൽ അവർ പറയും- അതേ, കാന്താരി പൊന്നാണ്… പൊന്ന്…

കാന്താരി വിപ്ലവം നടക്കുന്ന സ്ഥലമാണ് കണമല. കണമലയിലെ വീടുകളിലെ തൊടിയിലും പറമ്പിലും വിളഞ്ഞു നിൽക്കുന്ന കാന്താരി മുളക് സ്വർണ്ണം തന്നെയാണ്. കാശു കൊണ്ടുവരുന്ന സ്വർണ്ണം.  ‘ബറിന് വിലയില്ല. കപ്പയും വാഴയുമെല്ലാം കാട്ടുമൃഗങ്ങൾ കൊണ്ടുപോകും. കുറച്ചു ഭൂമിയുള്ളതിൽ ഇനിയെന്തു ചെയ്യും എന്നാലോചിച്ചിരുന്ന കോട്ടയത്തെ കർഷകരുടെ ദുരിതം കണ്ടപ്പോൾ കണമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് തോന്നിയ ആശയമാണ് . ‘കാന്താരി വിപ്ലവം’. കാന്താരി മുളക് ചെടി നട്ടുവളർത്തി അതിൽ നിന്നും വലിയ വരുമാനം ലഭിക്കുമെന്നു തെളിയിച്ചിരിക്കുകയാണ് കാന്താരി വിപ്ലവത്തിലൂടെ ഈ സഹകരണ ബാങ്ക്. 

ഇപ്പോൾ കണമലയിലെ തോട്ടങ്ങളിൽ നിറയെ കാന്താരിമുളകാണ് നിറഞ്ഞു നിൽക്കുന്നത്. ഏകദേശം ഇരുന്നൂറോളം കർഷകരാണ് കാന്താരി കൃഷി വഴി ജീവിക്കുന്നത്. മറ്റ് എന്ത് വിളകൾ നട്ടാലും ഇത്രയും വരുമാനം ലഭിക്കില്ലെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ കാന്താരിയുടെ മഹത്വം തേടി മറ്റെവിടെ പോകാൻ? 

കണമല ഇക്കഴിഞ്ഞ ഏപ്രിൽ മാസം മുതലാണ് കാന്താരി വിപ്ലവത്തിനു കൊടി നാട്ടിയത്. കാര്യങ്ങൾ അറിഞ്ഞു, പഠിച്ച് സഹകരണ ബാങ്ക് കർഷകർക്ക് സഹായവുമായി മുന്നിൽ നിൽക്കുകയായിരുന്നു. പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250 രൂപയും പഴുത്തതിന് 150 രൂപയുമാണ് നിലവിലെ വിപണിവില. വലിയ തുക മുടക്കി റബ്ബർ പ്ലാൻ്റേഷൻ ചെയ്ത് ഏഴൂ വർഷം കാത്തിരുന്ന് അത് ആദായം തരുമ്പോൾ ഒരു കിലോയ്ക്ക് 120 രൂപ പോലും കിട്ടാത്ത സ്ഥിതിയിൽ ഒരു മുടക്കുമുതലുമില്ലാതെ കാന്താരി പണം നേടിത്തരുമ്പോൾ കർഷകരുടെ ആശ്വാസം എങ്ങനെ പറഞ്ഞറിയിക്കാനാണ്. 

അരയേക്കറിൽ 1000 ചെടികൾ വരെ നിൽക്കുമ്പോൾ രണ്ടാഴ്ച കൂടുമ്പോൾ കുറഞ്ഞത് 15000 രൂപ കെെയിൽ വന്നു ചേരും. സംഗതി മുളകായതിനാൽ, അതും കാന്താരി മുളകായതിനാൽ കാട്ടുമൃഗങ്ങൾ പരിസരത്തേക്ക് എത്തുകയുമില്ല. കാന്താരി വിപ്ലവത്തിനു തുടക്കമിട്ടുകൊണ്ട് രണ്ടാഴ്ച മുൻപ് ബാങ്കിലെത്തിച്ചത് 103 കിലോ മുളകാണ്. കഴിഞ്ഞ ദിവസം 150 കിലോ മുളകും ബാങ്കിലെത്തി. 

കാന്താരിയുടെ മാർക്കറ്റ് തിരിച്ചറിഞ്ഞാണ് ‘ കർഷകർക്കൊപ്പം ബാങ്ക് നിൽക്കുന്നത്. റബറിന് ഇടവിളയായിരുന്നു ആദ്യം കാന്താരി. ഇപ്പോൾ റബർ മരങ്ങൾ വെട്ടിമാറ്റി കാന്താരിച്ചെടികൾ നടാനുള്ള തീരുമാനത്തിലാണ് ഫാർമേഴ്സ് ക്ലബുകളും. കർഷക കുടുംബങ്ങളിലെ ഗൃഹനാഥൻമാർ മാത്രമല്ല കുട്ടികളും വീട്ടമ്മമാരുമൊക്കെ കാന്താരിയുടെ പിറകേയാണ്. 

ബാങ്ക് ശേഖരിക്കുന്ന കാന്താരി തൃശൂരിലെ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കർഷകന് ലഭിക്കുമെന്നുള്ളതാണ് കാന്താരിയുടെ പ്രത്യേകത. വില കൂടിയാൽ അതിനനുസരിച്ചും. എന്തായാലും ഇടവിളകളിൽ കാന്താരിയും സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇനി കേരളം മുഴുവൻ കാന്താരി വിപ്ലവം വ്യാപിക്കുമെന്നുറപ്പായിക്കഴിഞ്ഞു.