ചെെനയെ കണ്ട് ഇന്ത്യയോടു കളിച്ച നേപ്പാൾ തിരിഞ്ഞു നോക്കിയപ്പോൾ സ്വന്തം സ്ഥലം കാണാനില്ല: നേപ്പാളിൻ്റെ ഒരു ഗ്രാമം ചെെന പിടിച്ചെടുത്തു

single-img
24 June 2020

ചെെനയെ കണ്ടുകൊണ്ടായിരുന്നു നേപ്പാൾ ഇന്ത്യയ്ക്ക് എതിരെ തിരിഞ്ഞത്. ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാൾ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇന്ത്യയിലുൾപ്പെടുന്ന ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ മേഖലകളാണ് നേപ്പാൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയത്. നേപ്പാളിൻ്റെ ഈ ഏകപക്ഷീയ നടപടിക്ക് ചൈനയുടെ പിന്തുണ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം. 

ഇപ്പോഴിതാ അതേ ചൈന തന്നെ നേപ്പാളിന് പണി കൊടുത്തിരിക്കുന്നു. നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന തങ്ങളുടേതാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിൽ പ്രവേശിച്ച ചൈനീസ് സംഘം അതിർത്തി തൂണുകൾ മാറ്റി സ്ഥാപിച്ചുവെന്നും മേഖല തങ്ങളുടെ അധീനതയിലാണെന്നു സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഏറ്റവും അവസാനമായി ഗോർഖ ജില്ലയിലെ റുയി ഗ്രാമമാണ് ചൈനയുടെ നിയന്ത്രണത്തിനു കീഴിൽ വന്നത്.നേപ്പാളിൻ്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉൾറോഡുകൾ നിർമിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂർണമായി കൈപ്പിടിയിൽ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അയൽ രാജ്യങ്ങളുമായുള്ള നയതന്ത്രനിലപാടിൽനിന്നു പിന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്ന ചൈന, റുയി ഗ്രാമം പൂർണമായി പിടിച്ചെടുത്തിരിക്കുകയാണ്. ഇവിടുത്തെ 72 വീട്ടുകാർ സ്വന്തം അസ്തിത്വത്തിനായി പോരാടുന്നു. നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടം പൂർണമായി ചൈനയ്ക്കു വിധേയരായിഎന്നുള്ളതാണ് ഇതു വ്യക്തമാക്കുന്നത്. ഇപ്പോൾ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയുമാണ് അവരുടെ പരിപാടി’ – സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു. 

റുയി ഗ്രാമം മാത്രമല്ല നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങൾ കൂടി ചെെന ഏറ്റെടുത്തിട്ടുണ്ട്. ചൈനയുമായി അതിർത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടർ ഭൂമിയാണ് ഇപ്പോൾ നിയമവിരുദ്ധമായി ചൈനയുടെ കൈവശമുള്ളതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കെ.പി. ഒലി ശർമയുടെ നേതൃത്വത്തിലുള്ള നേപ്പാൾ ഭരണകൂടം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ഈ മൗനം ദുരൂഹമാണെന്നും നിരീക്ഷകർ കരുതുന്നു. 

റുയി ഗ്രാമത്തിൽ കഴിഞ്ഞ രണ്ടുവർഷമായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ചൈന അത് കൈപ്പിടിയിലൊതുക്കിയത്. തങ്ങളുടെ പ്രദേശം ചൈന കൈവശപ്പെടുത്തുന്നത് കഴിഞ്ഞ വർഷം തന്നെ നേപ്പാൾ സർക്കാർ അറിഞ്ഞെങ്കിലും മിണ്ടാതിരിക്കാനാണ് താൽപര്യപ്പെട്ടതെന്നാണ് സൂചന. ഹുംല ജില്ലയിലെ ഭാഗ്ധരെ ഖോല നദീ മേഖലയിൽ ആറു ഹെക്ടറോളം ഭൂമിയും കർനാലി നദിക്കു സമീപം നാലു ഹെക്ടറോളം ഭൂമിയും ചൈന കൈവശപ്പെടുത്തിയെന്നും നേപ്പാൾ കണ്ടെത്തിയിരുന്നു. റാസുവ ജില്ലയിൽ സിൻജെൻ നദിക്കു സമീപം രണ്ടു ഹെക്ടറും ഭുർജുക് ഖോല നദിക്കു സമീപം ഒരു ഹെക്ടറും ചൈനയുടെ കൈവശമാണ്.

എന്നാൽ ചൈനയുടെ ഈ അനധികൃത കയ്യേറ്റത്തെക്കുറിച്ച് ഭരണനേതൃത്വം മിണ്ടുന്നില്ല. മാത്രമല്ല, ഇന്ത്യൻ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളാണ് നേപ്പാൾ ഈ സാഹചര്യത്തിലും നടത്തിവരുന്നത്. പുതിയ ഭൂപടം ഇറക്കിയതിനു പിന്നാലെ, മഴക്കാലത്ത് ബിഹാറിനെ പ്രളയത്തിലാക്കുമെന്ന ഭീഷണിമുഴക്കി ഗന്‍‍ഡക് ബറാജിലെ അണക്കെട്ടിൽ അറ്റകുറ്റപ്പണിയും കെ.പി. ശർമ ഒലി സർക്കാർ നടത്തുന്നുണ്ട്.