സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള പഠനസഹായം: പരസ്യ വിതരണം നിർത്തലാക്കാൻ നിർദ്ദേശം

single-img
23 June 2020

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി നൽകുന്ന വിവിധ സഹായങ്ങളും സേവനങ്ങളും പരസ്യവിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പല വിദ്യാലയങ്ങളിലും പാവപ്പെട്ട കുട്ടികൾക്കായി പിടിഎ, സന്നദ്ധ സംഘടനകൾ എന്നിവ സ്‌കൂൾ യൂണിഫോം, ബാഗ്, നോട്ട് ബുക്കുകൾ, മറ്റു പഠനോപകരണങ്ങൾ തുടങ്ങിയവ പരസ്യ പ്രചാരണം നടത്തിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

വിദ്യാർഥികൾക്ക് സഹായം നൽകുമ്പോൾ അവരുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്നും, സഹായങ്ങൾ പരസ്യമായി സ്വീകരിക്കുന്നത് മൂലം കുട്ടികൾ മാനസിക പ്രയാസം അനുഭവിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സദസ്സിൽ പേര് വിളിച്ച്, സഹപാഠികളുടെയും അധ്യാപകരുടെയും മുൻപിൽ വെച്ച് സഹായധനവും പഠന സഹായ വസ്തുക്കളും നൽകരുത്.

കൂടാതെ സഹായം നൽകുന്ന കുട്ടികളുടെ പേരും ഫോട്ടോയും വെച്ച് പരസ്യം കൊടുക്കുന്നതും പ്രചാരണം നടത്തുന്നതും പൂർണമായും ഒഴിവാക്കണം. കുട്ടികളുടെ ക്ഷേമവും പുരോഗതിയും മുൻനിർത്തി നൽകുന്ന സഹായവിതരണം ഒരിക്കലും അവരുടെ ആത്മാഭിമാനം തകർക്കുന്ന വിധമാകാൻ പാടില്ല. കുട്ടികളുടെ അവകാശങ്ങളെ ഉൾക്കൊണ്ട്, അവരോടു ചേർന്നു നിന്ന്, സ്വകാര്യതക്ക് ഭംഗം വരാത്ത രീതിയിലാണ് അവർക്ക് ആവശ്യമായ സഹായങ്ങൾ വിതരണം ചെയ്യേണ്ടത്.

സഹായങ്ങൾ സ്വീകരിക്കുന്ന കുട്ടികൾ മറ്റു കുട്ടികൾക്കിടയിൽ രണ്ടാംതരം പൗരന്മാരായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യവും പൂർണമായും ഒഴിവാക്കണം. കുട്ടികൾക്ക് സഹായ വിതരണം ചെയ്യുമ്പോൾ യാതൊരുവിധ പരസ്യ പ്രചരണവും നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർമാർ, അസിസ്റ്റൻറ് ഡയറക്ടർമാർ( വി എച്ച് എസ് ഇ), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ(ഹയർസെക്കന്ററി), ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പ്രിൻസിപ്പൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ഹെഡ്മാസ്റ്റർമാർ എന്നിവർ ഉറപ്പുവരുത്തേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.