മലബാർ കലാപം: 80കളിലെ ഐ വി ശശിയുടെ മാന്ത്രികതയ്ക്ക് ഒപ്പമെത്തുമോ ആഷിക് അബു ടീമിൻ്റെ വാരിയൻകുന്നൻ

single-img
23 June 2020

പ്രിഥ്വിരാജും ആഷിക്അബുവും വാരിയൻകുന്നൻ സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ പതിവുപോലെ വിവാദങ്ങളും എത്തിക്കഴിഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും 1921ൽ മലബാറിൽ നടന്നത് വിപ്ലവമോ കലാപമോ ഒന്നുമല്ല അതു വെറും ഹിന്ദു വേട്ട മാത്രമായിരുന്നു എന്നുള്ള കാര്യങ്ങളാണ് സംഘപരിവാർ പറയുന്നത്. സംഘപരിവാറിൻ്റെ വാദങ്ങളെ തള്ളി മറ്റുള്ളവരും രംഗത്തെത്തിക്കഴിഞ്ഞു. എന്തുതന്നെയായാലും ഷൂട്ടിംഗിനു മുന്നേ പ്രശസ്തിയിലേക്ക് ഉയർന്നിരിക്കുകയാണ് വാരിയൻകുന്നനെന്നു വ്യക്തം. 

ചിത്രത്തെ സംബന്ധിച്ച് വാദങ്ങളും വിവാദങ്ങളും ഉയർന്നുകൊണ്ടിരിക്കേ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ് 1988 കാലഘട്ടം. മലബാർ കലാപത്തെ കുറിച്ചും വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയെക്കുറിച്ചും വ്യക്തമായി വരച്ചിട്ട 1921 എന്ന ചിത്രം ജനങ്ങൾക്കു മുന്നിലെത്തുന്നത് ആ വർഷമാണ്. ഒരർത്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ഒരു ബാഹുബലിയായിരുന്നു ആ ചിത്രം. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം. ഐ വി ശശിയെന്ന പ്രതിഭയുടെ കെെയൊപ്പ് പതിഞ്ഞ ആ ചിത്രപത്തിനൊപ്പമെത്തുമോ വാരിയൻകുന്നൻ എന്നു ഉറ്റുനോക്കുകയാണ് ചിലച്ചിത്ര പ്രേമികൾ. 

ടി ദാമോദരൻ മാഷാണ് ചിത്രത്തിനു തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു ചരിത്ര സിനിമയാണെന്ന വ്യക്തതയോടെ തന്നെ ആ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ സിനിമ ചിത്രമീകരിക്കുവാൻ സംവിധായകൻ ശ്രമിച്ചിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാതെ എന്നാൽ വിജയത്തിനാവശ്യമായ ചേരുവകൾ ചേർത്തൊരുക്കിയ 1921 ഒരർത്ഥത്തിൽ ഒത്ഭുതമായിരുന്നു. 32 വർഷം മുമ്പ് സാധാരണ ഒരു ചലച്ചിത്ര പരവർത്തകന് ചിന്തിക്കുവാൻ കൂടി കഴിയാത്ത രീതിയിലുള്ള വിപുലമായ തിരക്കഥയിലൊരുക്കിയ അത്ഭുതം. 

മധു, കെപി ഉമ്മർ, ടിജി രവി, മമ്മൂട്ടി, രതീഷ്, സുരേഷ്ഗോപി, മുകേഷ്, വിജയരാഘവൻ, ഉർവശി, പാർവ്വതി എന്നുവേണ്ട മലയാള സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന സർവ്വരും ഈ ചിത്രത്തിൻ്റെ ഭാഗമായി. മോഹൻലാൽ ഒഴിച്ച്. വിഷ്വൽ എഫക്ടുകളോ മറ്റു കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ വലിയ ബഡ്ജറ്റിൽ ഒരു ചരിത്ര സിനിമയുടെ സാക്ഷാത്കാരം ദക്ഷിണേന്ത്യ കാണുന്നത് ഒരു പക്ഷേ ഈ ചിത്രത്തോടെയായിരിക്കും. 

ചിത്രത്തിൽ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയെ അവതരിപ്പിച്ചത് ടിജി രവിയായിരുന്നു. ടിജി രവിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതെന്ന് നിസംശയം പറയാം. ‘വിപുലമായ ഒരു ദൃശ്യഭൂമികയിൽ മലബാർ കലാപത്തിൻ്റെ കഥ ഉദ്വേഗജനകമായ രീതിയിൽ അവതരിപ്പിച്ചപ്പോൾ തൻ്റെ ചരിത്രപ്രധാനവേഷം ഭംഗിയാക്കുവാൻ ടിജി രവിയ്ക്കു കഴിഞ്ഞു. 

ഒരുപക്ഷേ, ആ കലാപത്തെക്കുറിച്ചുള്ളതും ചരിത്രത്തോട് നീതിപുലർത്തുന്നതുമായ ഏക ചിത്രവുമാണ് 1921. പിന്നീടുള്ള ദശകങ്ങളിൽവന്ന ന്യൂനപക്ഷചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ ചിത്രത്തിൻ്റെ രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണെന്നും വ്യക്തമാകും. 1921 കാലത്തെ സാമൂഹികാവസ്ഥ, വേഷവിധാനങ്ങൾ, ആചാരാനുഷ്ഠനാങ്ങൾ, അയിത്തം, അടിച്ചമർത്തൽ, ഹിന്ദു-മുസ്ലിം ഐക്യം തകർക്കാൻ ബ്രിട്ടിഷുകാർ കാണിച്ച കുടിലതന്ത്രങ്ങൾ എന്നിവയല്ലാം ഈ സിനിമയിൽ യഥാർത്ഥ്യത്തോടെ കാട്ടുവാൻ സംവിധായകൻ ശ്രമിച്ചിരുന്നു എന്നുള്ളതും കെെയടി അർഹിക്കുന്നുണ്ട്. 

ഇതിനിടയിൽ ഒരു വസ്തുത പ്രതയേകം ഓർക്കണം. ഐവി ശശി എന്ന സംവിധായകനില്ലായിരുന്നെങ്കിൽ 1921 എന്ന ഈ ചിത്രം പിറക്കില്ലായിരുന്നു. അദ്ദേഹത്തിൻ്റെ നിശ്ചയദാർഡ്യമാണ് 1921 യാഥാർത്ഥ്യമാക്കിയത്. വളരെ വലിയ കാ്ൻവാസിലുള്ള ഈ ചിത്രമത്തിനു ശേഷം അതേ വർഷം തന്നെ ഐവി ശശി അനുരാഗി ,അബ്കാരി, മുക്തി എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ കൂടി ചെയ്തുവെന്നു പറയുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് അതൊരു അത്ഭുതമായിത്തോന്നാം. പക്ഷേ സത്യമതാണ്. ഇക്കാലത്ത് ഇത്തരത്തിലൊരു ചിത്രമമെടുക്കാൻ സംവിധായകരും അണിയറപ്രവർത്തകരും രണ്ടും മൂന്നും വർഷം മാറ്റിവയ്ക്കുമ്പോഴാണ് ഐവി ശശി എന്ന സംവിധായകൻ്റെ ഈ പ്രവർത്തി. എന്നാൽ ഈ ചിത്രങ്ങളിൽ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്തിട്ടുണ്ടോ എന്നു ചോദിച്ചാൽ അതുമില്ല. താരമല്ല, സംവിധായകനായിരുന്നു മലയാള സിനിമയിലെ അന്നത്തെ രാജാവെന്നു വ്യക്തം. 

ഐ വി ശശി മലയാളത്തിലൊരുക്കിയ 1921 എന്ന അത്ഭുതത്തിനു സസമാകുമോ ആഷിക് അബു- പ്രിഥ്വിരാജ് ടീമിൻ്റെ വാരിയൻകുന്നൻ എന്നേ ഇനി കാണുവാനുള്ളു.