ഉത്രയെ കടിപ്പിക്കാൻ പാമ്പിനെ ദിവസങ്ങളോളം പട്ടിണിക്കിട്ടു: എന്നിട്ടും കടിക്കാത്ത പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ച ശേഷം തല്ലിക്കൊന്നു

single-img
22 June 2020

കൊല്ലം അഞ്ചലിൽ പാമ്പിനെ കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. ഉറക്കത്തിലായിരുന്ന ഉത്രയുടെ കൈ കമ്പ് കൊണ്ട് ഉയര്‍ത്തി പാമ്പിനെ കൊണ്ടു കടിപ്പിക്കുകയായിരുന്നെന്നാണ് പ്രതി സൂരജ് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയത്. ഉത്രയെ കടിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പാമ്പിനെ ദിവസങ്ങളോളം പട്ടിണിക്കിടുകയായിരുന്നു സൂരജ്. ഉത്രയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മൂർഖനെ തുറന്നു വിട്ടെങ്കിലും മ്പ് കടിക്കാതെ മാറുറകയായിരുന്നു. 

തുടർന്ന് പാമ്പിനെ കൈകാര്യം ചെയ്തുള്ള തഴക്കത്തില്‍ പ്രകോപിപ്പിച്ചായിരുന്നു ഉത്രയുടെ കൈത്തണ്ടയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് സൂരജ് ഇക്കാര്യം തുറന്നു സമ്മതിച്ചത്. ഉറക്കത്തിലായിരുന്ന ഉത്രയുടെ ദേഹത്തേക്കു മൂർഖനെ കുടഞ്ഞിട്ടെങ്കിലും പാമ്പ് കടിക്കാതിരുന്നുവെന്നും സൂരജ് പറയുന്നു. തുടര്‍ന്ന് പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിച്ച് ഉത്രയുടെ കൈകൾ ചലിപ്പിക്കുകയായിരുന്നു. പ്രകാേപനം ഉണ്ടായതോടെ ഉത്രയുടെ അനങ്ങിയ കയ്യിൽ പാമ്പ് കൊത്തുകയായിരുന്നു. പിറ്റേദിവസം സൂരജ് തന്നെ ആ പാമ്പിനെ മുറിക്കുള്ളിൽ വച്ച് തല്ലിക്കൊല്ലുകയും ചെയ്തു. 

കഴിഞ്ഞ ദിവസം വനം വകുപ്പിൻ്റെ തെളിവ് ശേഖരണത്തിൻ്റെ ഭാഗമായി സൂരജുമായി ഉത്രയുടെ ഏറത്തെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. ന്നലെ രാവിലെ പത്തു മണിയോടെടെയാണ് തെളിവെടുപ്പാരംഭിച്ചത്. സൂരജിനെ കൊണ്ടുവന്നതറിഞ്ഞ് ഉത്രയുടെ വീടിനു മുന്നിൽ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥരെ പരിഭ്രാന്തിയിലാക്കി. സൂരജ് നാട്ടുകാരുടെ ആക്രമണത്തിന് ഇരയാകുമോ എന്നുള്ളതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തിയത്. 

നിലവിലെ സാഹചര്യത്തിൽ ശക്തമായ മുൻകരുതലോടെയാണ് വനംവകുപ്പ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. സൂരജിനെതിരെ കല്ലേറ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് ഹെൽമറ്റ് ധരിപ്പിച്ചാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്. സൂരജുമായെത്തിയ വനം വകുപ്പിന്റെ വാഹനം വീടിൻ്റെ മുന്നിലെത്തിയപ്പോള്‍ത്തന്നെ രോഷാകുലരായ ജനക്കൂട്ടം ഓടിയെത്തിയെത്തിയിരുന്നു. ജനക്കൂട്ടത്തിൽ നിന്നും സൂരജിനെ രക്ഷിക്കുവാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ വീടിൻ്റെ ഗേറ്റ് അടച്ചിടുകയായിരുന്നു. സൂരജിനെ നാട്ടുകാരില്‍ നിന്നും രക്ഷപ്പെടുത്തി വീട്ടിനുള്ളിലാക്കിയതിന് ശേഷമാണ് തെളിവെടുപ്പാരംഭിച്ചത്. 

സൂരജിനെ ഉത്ര പാമ്പ് കടിയേറ്റ് മരിച്ചു കിടന്ന സ്ഥലം മൂര്‍ഖന്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ ഉപേക്ഷിച്ച സ്ഥലം, പാമ്പിനെ കുഴിച്ചിട്ട സ്ഥലം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുത്തു. ഉത്രയുടെ കുടുംബാംഗങ്ങളില്‍ നിന്നും അന്വേഷണോദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. ആൾക്കൂട്ട ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ അമ്പതോളം വനപാലക സംഘത്തെ നേരത്തേ തന്നെ ഉത്രയുടെ വീട്ടിന് പരിസരത്ത് നിയോഗിച്ചുകൊണ്ടാണ് വനംവകുപ്പ് സുരക്ഷയൊരുക്കിയത്. ജനക്കൂട്ടത്തെ തടയാൻ തോക്കേന്തിയ വനപാലകർ ഉൾപ്പെടെ സുരക്ഷാ സംഘത്തില്‍ നിലയുറപ്പിച്ചിരുന്നു.