തൃശൂരില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷം; ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടമാകുമായിരുന്നു: ഗോകുല്‍ സുരേഷ്

single-img
21 June 2020

ഒരു സിനിമാ നടനാണ് എങ്കിലും സുരേഷ് ഗോപി ഒരിക്കലും യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ അല്ലെന്നും പത്ത് രൂപ സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണെന്നും മകന്‍ ഗോകുല്‍ സുരേഷ്. എന്നാല്‍ ഇവിടെ നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപി തോറ്റതില്‍ സന്തോഷമാണ് ഉള്ളതെന്നും ഗോകുല്‍ പറഞ്ഞു.

ഏതെങ്കിലും കാരണത്താല്‍ അവിടെ അച്ഛന്‍ ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. കാരണം, സമ്മര്‍ദ്ദം കൂടിയേനെ. വീണ്ടും അച്ഛന്‍ സിനിമയിലേക്ക് തിരിച്ചുവന്നതില്‍ ഏറെ സന്തോഷം അനുഭവിക്കുന്നുണ്ടെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ഗോകുല്‍ സുരേഷ് വ്യക്തമാക്കി.

വളരെ കാലമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന അച്ഛനെ അത്ര വ്യക്തതയോടെ ജനങ്ങള്‍ക്ക് അറിയുമോ എന്ന് സംശയമാണെന്നും സിനിമകളിലൂടെ സൂപ്പര്‍താരമായി ആഘോഷിക്കപ്പെട്ടെങ്കിലും അണ്ടര്‍റേറ്റഡ് ആയ വ്യക്തിയും നടനുമാണ് സുരേഷ് ഗോപിയെന്നും ഗോകുല്‍ പറഞ്ഞു.