ചൈനീസ് പ്രകോപനം; ഇന്ത്യൻ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാർ അനുമതി

single-img
21 June 2020

ചർച്ചകൾക്ക് ഇടയിലും ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന തുടര്‍ച്ചയായി പ്രകോപനമുണ്ടാക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇപ്പോള്‍ 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ചൈന നടത്തുന്ന പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്ക് ഇന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. രണ്ടാം ലോകമഹായുദ്ധം നടന്നതിന്റെ 75ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലേക്ക് യാത്ര തിരിക്കുന്നതിനു മുന്നോടിയായ് ആയിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മൂന്ന് സേനാമേധാവിമാരെയും സംയുക്ത മേധാവിയെയും ഇന്ന് കണ്ടത്.

ചൈനയുമായി സംഘര്‍ഷമുണ്ടായ കിഴക്കന്‍ ലഡാക്കിലെ പ്രതിരോധ നീക്കങ്ങള്‍ രാജ്‌നാഥ് സിങ് സേനാ മേധാവിമാരുമായി ചര്‍ച്ച ചെയ്തു. ഏത് നിമിഷവും മൂന്ന് സേനാവിഭാഗങ്ങളോടും സജ്ജരായിരിക്കാനും ചൈനയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കാനും ചര്‍ച്ചയില്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കേണ്ടതില്ലെന്നും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീക്കം നടത്താനും സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇന്ത്യ -ചൈന അതിര്‍ത്തിയില്‍ വെടിവയ്പ് പാടില്ലെന്ന 1996ലെ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്മാറി.

പ്രകോപനം ഉണ്ടാകുന്നപക്ഷം യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധവും ഉപയോഗിക്കാന്‍ കമാന്‍ഡര്‍മാര്‍ക്ക് സൈന്യം അനുമതി നല്‍കി കഴിഞ്ഞു. സംഘര്‍ഷമുണ്ടായ കിഴക്കന്‍ ലഡാക്കില്‍ 45,000 സേനാംഗങ്ങളെയാണ് ഇന്ത്യ നിലവില്‍ വിന്യസിച്ചിട്ടുള്ളത്.