കടന്നുകയറ്റം ഉണ്ടായില്ലെങ്കിൽ സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്തിനായിരുന്നു; പ്രധാനമന്ത്രിയോട് ചോദ്യവുമായി പി ചിദംബരം

single-img
20 June 2020

ഇന്ത്യൻ അതിർത്തിയിലേക്ക് ആരും കടന്നുകയറിയിട്ടില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയക്കെതിരെ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പ്രധാനമന്ത്രി തന്റെ പ്രസ്താവനയിലൂടെ ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന് ചിദംബരം ചോദ്യം ഉന്നയിച്ചു.

ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ ട്വീറ്റുകളിലൂടെ അഞ്ച് ചോദ്യങ്ങളാണ് ചിദംബരം ചോദിച്ചിരിക്കുന്നത്.
‘നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ആരും തന്നെ നുഴഞ്ഞു കയറയിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആ വാക്കുകൾ സത്യമാണെങ്കില്‍ മെയ് അഞ്ചിലെയും ആറിലെയും ബഹളങ്ങള്‍ എന്തായിരുന്നു? ഈ മാസം 16നും 17നും സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമെന്തിനായിരുന്നു? എങ്ങിനെയാണ് ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടപ്പെട്ടത്?,’- ചിദംബരം ചോദിച്ചു.

ഇരു രാജ്യങ്ങളും അംഗീകരിച്ച അതിർത്തിയായ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളില്‍ കടന്നുകയറ്റമുണ്ടായിരുന്നില്ലെങ്കില്‍ ഇരു രാജ്യങ്ങളിലെയും സൈന്യങ്ങളെ അതിര്‍ത്തിയില്‍ നിന്ന് പിന്‍വലിക്കണമെന്ന ചര്‍ച്ചകള്‍ നടന്നതെന്തിനായിരുന്നെന്നും ചിദംബരം ചോദിച്ചു.