ചെെന ഇന്ത്യൻ ഭൂമി കെെയേറുമ്പോൾ കേന്ദ്രസർക്കാർ എന്തു ചെയ്യുകയായിരുന്നു: ചോദ്യമുന്നയിച്ച് ശശിതരൂർ

single-img
20 June 2020

ഇന്ത്യ-ചൈന സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ എംപി രംഗത്ത്. ചൈന ഇന്ത്യയുടെ ഭൂമി കൈയ്യേറുമ്പോൾ കേന്ദ്ര സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന്‌ ശശി തരൂർ ചോദിച്ചു. ചൈനയെ ശ്രദ്ധിക്കണമെന്ന് നിർദേശിച്ച പാർലമെറ്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോർട്ട് സർക്കാർ അവഗണിച്ചെന്നും തരൂർ പറഞ്ഞു.

ചൈന അവർക്ക് വേണ്ട സമയത്ത് അതിർത്തിത്തർക്കം ഇന്ത്യക്കെതിരെ ആയുധമാക്കാൻ ഇടയുണ്ടെന്നും അതിനെ ചെറുക്കാൻ രാജ്യം സജ്ജരായിരിക്കണം എന്നും പാർലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി  റിപ്പോർട്ട്‌ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പാർലമെൻറിൽ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് ശശി തരൂർ പറഞ്ഞു.

2017ൽ ദോക്‌ലാമിൽ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തുകയും അതിർത്തി ലംഘിക്കുകയും ചെയ്തതിനെ തുടർന്ന് സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പാർലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടിയാണ് ശശി തരൂർ എംപിയുടെ വിമർശനം. 

ഇന്ത്യ -ചൈന അതിർത്തികൾ സന്ദർശിച്ച് തരൂർ അധ്യക്ഷനായ സമിതി 2018 സെപ്റ്റംബറിലാണ് റിപ്പോർട്ട്‌ പാർലമെൻറിൽ സമർപ്പിച്ചത്. ഇന്ത്യ-ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ അസ്വാഭാവികത ഇല്ല എന്നാണ് ഇന്നത്തെ വിദേശകാര്യമന്ത്രിയും അന്ന് വിദേശകാര്യ സെക്രട്ടറിയുമായിരുന്ന എസ്. ജയശങ്കർ സമിതിയെ അറിയിച്ചത്. നയതന്ത്ര ചർച്ചകളിലൂടെ ചൈനയുമായി അതിർത്തി കരാർ ഉണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന മാർഗനിർദേശവും സമിതി നൽകിയിരുന്നു. 

കഴിഞ്ഞ മൂന്ന് മാസമായി അതിർത്തിയിൽ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തിയത് സർക്കാർ കാണാതിരുന്നത് എന്തുകൊണ്ടാണെന്നും തരൂർ ചോദ്യമുന്നയിച്ചു.