ഡൽഹിയിൽ നരേന്ദ്രമോദി ഭരണത്തിലേറി: സച്ചി കഥ മാറ്റി

single-img
20 June 2020

മലയാളം കണ്ട മികച്ചൊരു തിരക്കഥാകൃത്തും സംവിധായകനേയുമാണ് സച്ചിയുടെ വിയോഗത്തിലൂടെ സിനിമാ മേഖലയ്ക്കു നഷ്ടമായത്. കൃത്യമായ ചേരുവകളിലൂടെയാണ് ഒരു നല്ല സിനിമ ജനിക്കുന്നതെന്ന് മനസ്സിലാക്കിയ ചുരുക്കം ചില വ്യക്തികളിലൊരാളായിരുന്നു സച്ചി. വ്യത്യസ്ഥ പ്രമേയങ്ങളിലൂടെ തുടർവിജയം നേടിയിട്ടും മനസ്സിലുള്ളത് ഇത്തരം സിനിമകളല്ലെന്ന് തുറന്ന് പറഞ്ഞിരുന്നൊരാളാണ് സച്ചിദാനന്ദൻ. എട്ട് വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ശേഷമാണ് സച്ചി സിനിമാ രംഗത്തേയ്ക്കെത്തിയത്. 

അഭിഭാഷകനായതിൻ്റെ ഗുണം തൻ്റെ തിരക്കഥകൾക്കു നൽകുവാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചോക്ലേറ്റു മുതൽ അയ്യപ്പനും കോശിയും വരെ എല്ലാ സിനിമകളിലും നിയമപ്രശനങ്ങൾ ഒരു കഥാപാത്രമായി കടന്നു വരുന്നുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ കഴിയാത്ത വസ്തുത സച്ചി തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിത സാഹചര്യങ്ങൾ കൊണ്ടായിരുന്നു അദ്ദേഹത്തിന് ആ അവസരം നഷ്ടപ്പെട്ടത്. എന്നാൽ അതുകൊണ്ടുതന്നെ ഒരു അഭിഭാഷകനായി മാറുവാനും പിന്നീട് സിനിമയലെത്തിയപ്പോൾ ആ അഭിഭാഷക അറിവ് അതിലുപയോഗിക്കുവാനും അദ്ദേഹത്തിനായി. 

കേരള രാഷ്ട്രീയം സിനിമകളിലൂടെ വ്യക്തമായിപ്പറയുവാനും സച്ചി ശ്രമിച്ചിരുന്നു. സച്ചിയുടെ പല സിനിമകളിലും ഈ കാഴ്ച കാണാം. ”ഈ ചുവപ്പണിഞ്ഞവർക്കൊരു ചിന്തയുണ്ട്, ഖദർ അണിഞ്ഞവരൊക്കെ വിഢികളും പേടിക്കാരുമാണ്” എന്ന രാമലീലയിലെ ഡയലോഗും ”ഈ ഖദറിട്ട നിങ്ങൾക്ക് പിന്നെ ഒരു കാര്യത്തിനും നോ പറയാൻ അറിയില്ലല്ലൊ?” എന്ന ഡ്രൈവിങ്ങ് ലൈസൻസിലെ ഡയലോഗും ഇതിനുദാഹരണങ്ങളാണ്. അവസാനത്തെ ചിത്രമായ അയ്യപ്പനും കോശിയിലും പറയുന്ന `കുമ്മാട്ടി കണ്ടിട്ടുണ്ടോ നീ´ എന്ന ഡയലോഗിലൂടെ എതിർ രാഷ്ട്രീയം പറയുന്നവരെക്കൊണ്ടുപോലും കെെയടിപ്പിച്ച ചരിത്രമാണ് സച്ചിക്കുള്ളത്. 

എന്നാൽ ഇതൊന്നും തൻ്റെ വ്യക്തി രാഷ്ട്രീയമല്ലെന്ന അിപ്രായക്കാരനായിരുന്നു സച്ച’. രാഷ്ട്രീയ പശ്ചാത്തലത്തിൽ രാമലീല എന്ന സിനിമ ചെയ്യുമ്പോൾ അതിലെ കഥാപാത്രം ഇടതുപക്ഷത്തുനിന്നും പുറത്താക്കപ്പെട്ട ശേഷം എതിർ ചേരിയിലേയ്ക്ക് കയറി കൂടുന്ന ഒരു ഇടതുപക്ഷ എംഎൽഎയാണ്. അവിടെ ആ കഥാപാത്രത്തിന്രെ രാഷ്ട്രീയം എന്താണെന്ന് ഞാൻ പറയുന്നു. എന്നാൽ അത് എൻ്റെ രാഷ്ട്രീയമല്ല എന്ന് സച്ചി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. 

ഇതുപക്ഷത്തെ നിശിതമായി വിമർശിക്കുവാനും തൻ്റെ സിനിമകളിലൂടെ അദ്ദേഹം മടികാണിച്ചിരുന്നില്ല. നോക്കിയും കണ്ടുമൊക്കെ നിന്നില്ലെങ്കിൽ വണ്ടിയിടിച്ച് മരിക്കുന്നത് പോലെയുള്ളു രക്തസാക്ഷിത്വം എന്ന രാമലീലയിലെ സംഭാഷണവും അതിനൊരു ഇഉഏദാഹരണമാണ്. ആ സമയത്ത് ചർച്ചയായ കൊലപാതകരാഷ്ട്രീയങ്ങളെ തൻ്റെ എഴുത്തിലൂടെ വിമർശിക്കുകയാണ് സച്ചി ആ സംഭാഷണത്തിലൂടെ ചെയ്തിട്ടുള്ളുവെന്നതാണ് യാഥാർത്ഥ്യം. 

അതേസമ്യം സച്ചി കേരള രാഷ്ട്രീയത്തിൽ പറയാനുദ്ദേശിച്ച സിനിമയല്ല രാമലീല. അത് ഡൽഹി രാഷ്ട്രീയത്തിൽ പറയാൻ ഉദ്ദേശിച്ചിരുന്നതാണ്. അതിൻ്റെ കഥ രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഡൽഹിയിൽ മുപ്പത് ദിവസത്തോളം സച്ചി പോയി താമസിക്കുകയും ചെയ്തിരുന്നു. കേരള ഹൗസ്, എംപിമാരുടെ കോർട്ടേഴ്സ്, പാർലമെൻ്റ് അങ്ങനെയുള്ള ഒരുപാട് സ്ഥലങ്ങളിൽ  പോയിട്ടുണ്ട്. ടി പി ഹർഷനുമായിട്ടൊരു നാല് ദിവസത്തോളം ചർച്ച നടത്തിയിട്ടുമുണ്ട്. ഇതെല്ലാം സച്ചിതന്നെ സംഭാഷണത്തിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. 

അന്ന് രൂപപ്പെടുത്തിയ കഥ വികസിച്ചുകൊണ്ടിരുന്നു. ദിലീപിനെ ചിത്രത്തിൽ ഒരു ജൂനിയർ എംപി എന്ന നിലയിലായിരുന്നു ഉദ്ദേശിച്ചിരുന്നത്. സിനിമയുടെ തുടക്കം തന്നെ ഹിന്ദിയിൽ പ്രസംഗിച്ചുകൊണ്ടുനിൽക്കുന്ന ജൂനിയർ എംപിയായ ദിലീപായിരുന്നു. പക്ഷേ കഥയിങ്ങനെ രൂപപ്പെട്ടു വന്നപ്പോൾ യഥാർത്ഥ കഥമാറി. അതായത് ഡൽഹിയിലെ രാഷ്ട്രീയം മാറി. 

 നരേന്ദ്രമോദി അധികാരത്തിൽ വന്നതപ്പോഴാണ്. അതു വരെ സച്ചി ആലോചിച്ച കഥയുമായി ബന്ധമില്ലാത്തൊരു രാഷ്ട്രീയ സാഹചര്യം ഉടലെടുത്തതോടെ കഥയിൽ മാറ്റങ്ങൾ വരുത്താൻ സച്ചി നിർബന്ധിതനാകുകയായിരുന്നു. അങ്ങനെയാണ് ആ കഥ കേരള രാഷ്ട്രീയത്തിലോട്ടു മാറിയത്. ഒടുവിൽ ആ കഥ രാമലീലയായി പരിണമിക്കുകയായിരുന്നുവെന്നാണ് സച്ചി തൻ്റെ തുറന്നു പറച്ചിലുകളിലൂടെ വ്യക്തമാക്കിയതും.