പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ച് സൈനികരുടെ ആത്മവിശ്വാസം കെടുത്തുന്നു: ബിജെപി

single-img
20 June 2020

ഇന്ത്യാ-ചൈന അതിർത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച പ്രതിപക്ഷമായ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ. പ്രതിപക്ഷത്തെ നേതാക്കള്‍ ചോദ്യങ്ങളുന്നയിച്ച് സൈനികരുടെ ആത്മവിശ്വാസം കെടുത്തുകയാണെന്നും ഇന്ത്യ സൈന്യത്തെ ഗല്‍വാന്‍ വാലിയില്‍ വിന്യസിപ്പിച്ചതുമുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു..

സംഘർഷം ഉണ്ടായപ്പോൾ നമ്മുടെ സൈനികര്‍ നിരായുധരായി പോയത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിക്കുന്നു. ആ ചോദ്യം അവരുടെ പരിമിതമായ അറിവിനെയാണ് തുറന്നുകാണിക്കുന്നത്. അന്താരാഷ്‌ട്ര കരാറുകളെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലേ എന്നും നദ്ദ ചോദിച്ചു.

രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെപ്പോലും നിങ്ങള്‍ ബഹുമാനിക്കുന്നില്ല. കേന്ദ്ര സർക്കാർ ഇറക്കുന്ന ഓര്‍ഡിനന്‍സുകള്‍ വലിച്ചുകീറുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും നദ്ദ ആരോപിച്ചു.