ചെെനയ്ക്ക് മറുപടി നൽകാൻ ലക്ഷ്യമിട്ട് ഇന്ത്യ ലഡാക്കിൽ പോർവിമാനങ്ങൾ വിന്യാസിച്ചു: പോർമുഖം തുറക്കുന്നു

single-img
20 June 2020

ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിനു പിന്നാലെ കിഴക്കൻ ലഡാക്കിൽ ഇന്ത്യ പോർ വിമാനങ്ങൾ ഉൾപ്പെടെ വിന്യസിച്ച് സൈനിക സന്നാഹം ശക്തമാക്കുന്നു. ചെെന ഇവിടെ പതിനായിരത്തോളം സൈനികരെ വിന്യസിച്ചതിൻ്റെ മറുപടിയായാണ് ഇന്ത്യയും സെെനിക വിന്യാസം ശക്തമാക്കുന്നത്. 

കരസേനയെയും വൻതോതിൽ വിന്യസിച്ചു. രഹസ്യ ദൗത്യവുമായി 17ന് ലഡാക്കിലെത്തിയ വ്യോമസേനാ മേധാവി ആർ. കെ. എസ് ബദൗരിയ, ലേയിലെയും ശ്രീനഗറിലെയും വ്യോമത്താവളങ്ങൾ സന്ദ‌ർശിച്ചു. നിരവധി പോർ വിമാനങ്ങളും ട്രാൻസ്‌പോർട്ട് വിമാനങ്ങളും ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യ മുൻനിരയിലെ താവളങ്ങളിലേക്കും എയർ സ്ട്രിപ്പുകളിലേക്കും മാറ്റിയിട്ടുണ്ട്. 

ദുർഘടമായ പർവ്വത മേഖലയിൽ ആവശ്യമെങ്കിൽ പോർ വിമാനങ്ങളെ ഉപയോഗിക്കുവാനാണ് ഇന്ത്യ നീക്കം നടത്തുന്നത്. ഭൂമിശാസ്‌ത്രപരമായി ഇവിടെ ചൈനയേക്കാൾ മേൽക്കോയ്മ ഇന്ത്യയ്‌ക്കാണ്.ജൂൺ 15ന് ഇന്ത്യൻ സൈനികരെ ക്രൂരമായി കൊലപ്പെടുത്തിയ ആക്രമണത്തിന് മുമ്പും ,ശേഷവുമായാണ് ചൈന മേഖലയിൽ പതിനായിരത്തോളം ഭടന്മാരെ വിന്യസിച്ചത്. 

സുഖോയ് എം. കെ 1,​ മിറാഷ്,​ ജാഗ്വാർ എന്നിവയടങ്ങിയ സംവിധാനങ്ങളാണ് ഇന്ത്യ വിന്യാസിച്ചിരിക്കുന്നത്. സംഘർഷ മേഖലകളിലേക്ക് അതിവേഗമെത്താൻ കഴിയുന്ന സ്ഥാനങ്ങളിലാണിത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ കരസേനയ്ക്ക് വ്യോമ പിന്തുണ നൽകാൻ അമേരിക്കൻ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളും ഇന്ത്യയുടെ പക്കലുണ്ട്. 

ഗാൽവൻ താഴ്‌വരയിലും സംഘർഷ പ്രദേശങ്ങളിലും സൈനികരെ എത്തിക്കാൻ ലേ വ്യോമത്താവളത്തിലും പരിസരങ്ങളിലും നിരവധി ചിനൂക്ക് ഹെലികോപ്റ്ററുകൾ. സൈനികരെയും സാമഗ്രികളും എത്തിക്കാൻ എം. ഐ 17 വി 5 ഹെലികോപ്റ്ററുകളും ഉപയോഗിക്കുവാനാണ് ഇന്ത്യയുടെ ലക്ഷ്യം. 

ലഡാക്കിനും ടിബറ്റ് മേഖലയ്‌ക്കും ചുറ്റിലുമായി ഇന്ത്യയ്‌ക്ക് നിരവധി വ്യോമത്താവളങ്ങളുണ്ട്.  ചൈനീസ് അതിർത്തിയോട് ചേർന്ന് പോർ വിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനങ്ങളും പെട്ടെന്ന് ഇറക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് ലാൻഡിംഗ് താവളങ്ങളാണിവ. ലേയിലെ ദൗളത്ത് ബേഗ് ഓൾഡി ലോകത്തെ ഏറ്റവും ഉയരത്തിലുള്ള എയർ സ്‌ട്രിപ്പാണ്.

അവന്തിപൂർ,​ ബറേലി,​ ആദംപൂർ,​ ഹൽവാര ( ലുധിയാന )​,​ അംബാല,​ സിർസ എന്നിവയാണ് മറ്റ് വ്യോമത്താവളങ്ങൾ. പെട്ടെന്നുള്ള വ്യോമ ഓപ്പറേഷനിൽ ഇന്ത്യയ്‌ക്ക് ഇവ ചൈനയേക്കാൾ മുൻതൂക്കം നൽകുമെന്നാണ് പ്രതീക്ഷ. ചൈനയ്‌ക്ക് ലഡാക്കിന് സമീപം 14,​000 അടി ഉയരത്തിലുള്ള ഹോതാൻ,​ ഗാർ ഗുൻസ എന്നിവിടങ്ങളിൽ നിന്ന് പോർവിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

യഥാർത്ഥ നിയന്ത്രണ രേഖയിൽ അടുത്തിടെ വൻ തോതിൽ ചൈനീസ് സൈനികരെത്തിയിരുന്നു. ചൈനീസ് കോപ്റ്ററുകൾ ലഡാക്കിലെ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാനും ശ്രമിച്ചിരുന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടൻ, ഇന്ത്യ എസ്. യു 30 പോർവിമാനങ്ങൾ വിന്യസിക്കുകയായിരുന്നു.