എട്ടു കിലോമീറ്റർ ഉള്ളിലേക്ക് കടന്നു കയറി ഇന്ത്യൻ പ്രദേശം സ്വന്തമാക്കാൻ ചെെന: സ്ഥാപിച്ചത് മൂന്നുറിലധികം ടെൻ്റുകൾ

single-img
20 June 2020

ഗൽവാൻ താഴ്‍വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലും ഇന്ത്യ- ചെെന സംഘർഷം രൂക്ഷമാണെന്ന് റിപ്പോർട്ടുകൾ. . മലനിരകളിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന പ്രദേശം തങ്ങളുടെ സ്വാധീന വലയത്തിലാക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയതാണ്. അവിടെ ദീർഘനാൾ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

എട്ടു മലനിരകളുള്ള പാംഗോങ്ങിൽ നാലാം മലനിര വരെയാണ് ചൈന അതിക്രമിച്ചു കയറിയിരിക്കുന്നത്. എട്ടിനും നാലിനുമിടയിലുള്ള പ്രദേശങ്ങളിൽ 62 ഇടങ്ങളിലായി സൈനികരെ പാർപ്പിക്കുന്നതിനു മുന്നൂറോളം ടെന്റുകളും നിരീക്ഷണ പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ചൈനയെ പ്രതിരോധിച്ചു നാലാം മലനിരയിൽ ഇന്ത്യയുടെ വൻ സേനാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാസങ്ങളോളം നിലയുറപ്പിക്കാൻ സജ്ജമാണെന്നും എതിരാളിയുടെ ഏതു നീക്കവും നേരിടാൻ സന്നദ്ധമാണെന്നും സേനാ വൃത്തങ്ങൾ ഉറപ്പു നൽകുന്നുമുണ്ട്. 

ഇരു വിഭാഗത്തിനും ഗൽവാനിലേക്കാൾ ഗണ്യമായ സേനാ വിന്യാസമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ, സംഘർഷം ഏറ്റുമുട്ടലിലേക്കു നീണ്ടാൽ ഇരുഭാഗത്തും വൻ നാശനഷ്ടമുണ്ടാകും. ഇന്ത്യൻ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ ഏറ്റുമുട്ടലിനു ചൈനയോടു പകരം ചോദിക്കണമെന്ന വികാരം അതിർത്തിയിലെ ജവാൻമാർക്കിടയിൽ ശക്തമായി നിൽക്കുകയാണ്. അതേസമയം കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണു സേനാ കമാൻഡമാർ. 

സേനാ നേതൃത്വങ്ങൾ തമ്മിൽ അതിർത്തിയിൽ നടത്തുന്ന കൂടിക്കാഴ്ചകളിൽ പാംഗോങ്ങിൽ നിന്നുള്ള പിന്മാറ്റം ചർച്ചയ്ക്കെടുക്കാൻ പോലും ചൈന സമ്മതിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ തർക്കം പരിഹരിച്ച ശേഷം പാംഗോങ് ചർച്ച ചെയ്യാമെന്നാണു നിലപാട്. ഗൽവാൻ മുഴുവൻ തങ്ങളുടേതാണെന്ന വിചിത്ര വാദമുന്നയിച്ച്, അവിടെ തർക്കപരിഹാരം അനന്തമായി നീട്ടാനും ഇതിനിടെ, സേനാ സന്നാഹം പരമാവധി വർധിപ്പിക്കാനുമാണു ശ്രമം.