രാജ്യ സുരക്ഷയ്ക്ക് വിഘാതം; മോദിയുടെ പ്രസ്താവനകള്‍ നീക്കം ചെയ്ത് ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്

single-img
20 June 2020

കഴിഞ്ഞദിവസം സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ എംബസി നടത്തിയ അപ്‌ഡേറ്റുകള്‍ നീക്കം ചെയ്ത് ചൈനയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ആപ്പായ വിചാറ്റ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ സംബന്ധിച്ച പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന ഉള്‍പ്പടെയുള്ള അപ്‌ഡേറ്റുകളാണ് ആപ്പ് ഒഴിവാക്കിയത്.
രാജ്യ രക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പരസ്യമാക്കപ്പെടുന്നു, രാജ്യത്തിന്റെ സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്നു എന്നീ കാരണങ്ങളാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള കാരണമായി അധികൃതര്‍ നല്‍കിയത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന, ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന എന്നിവയാണ് ഇന്ത്യന്‍ എംബസി വിചാറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്.

അതേസമയം ഒരു ദിവസം മുമ്പ് വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രസ്താവന നീക്കം ചെയ്തതു സംബന്ധിച്ച് ഇന്ത്യന്‍ എംബസിക്ക് വിശദീകരണം നല്‍കേണ്ടതായി വന്നിരുന്നു. എന്നാല്‍ തങ്ങളല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് വ്യക്തമാക്കിയ എംബസി അധികൃതര്‍ ചൈനീസിലുള്ള പ്രസ്താവനയുടെ സ്‌ക്രീന് ഷോട്ട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്യുകയുണ്ടായി. ഇന്ന് രാവിലെയാണ് വിചാറ്റിലെ പോസ്റ്റുകള്‍ നീക്കം ചെയ്ത കാര്യം ശ്രദ്ധയില്‍ പെടുന്നത്.

ഇതില്‍ കാണുന്ന പോസ്റ്റുകളില്‍ ഇപ്പോള്‍ ക്ലിക്ക് ചെയ്താല്‍ പോസ്റ്റുകള്‍ എഴുതിയ വ്യക്തി നീക്കം ചെയ്തു എന്ന മെസേജാണ് വരിക. പക്ഷെ തങ്ങളല്ല പോസ്റ്റുകള്‍ നീക്കം ചെയ്തതെന്ന് എംബസി അധികൃതര്‍ പറയുന്നു.