പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്: സര്‍ക്കാര്‍ നയത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

single-img
19 June 2020

വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ കൊവിഡ് പരിശോധനാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തിൽ മാധ്യമപ്രവര്‍ത്തകനായ കെഎസ്ആര്‍ മേനോൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് അശോക് ഭൂഷന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടപെടാൻ ആകില്ല എന്ന് അറിയിച്ചത്.

വിവിധ സംഘടനകൾ വഴിയും അല്ലാതെയും ചാര്‍ട്ടേഡ് വിമാനത്തിലും അല്ലാതെയും എത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കേരളാ സർക്കാർ നിര്‍ബന്ധമാക്കിയത് രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുമെന്നായിരുന്നു ഹർജിയിലെ ആരോപണം.

പക്ഷെ ഈ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ ഇടപെടുന്നില്ല എന്നാണ് കോടതി പറഞ്ഞത്. ഹർജിയിൽ ആരോപിക്കുന്നപോലെ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ ഹർജിക്കാരന് ആവശ്യമെങ്കിൽ കേന്ദ്രസര്‍ക്കാരിനേയും വിദേശകാര്യമന്ത്രാലയത്തേയും സമീപിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരള ഹൈക്കോടതി തേടിയിട്ടുണ്ട്.