ഓക്സ്ഫോര്‍ഡിൽ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കി; സന്തോഷം പങ്ക് വെച്ച് മലാല യൂസഫ്സായ്

single-img
19 June 2020

പ്രശസ്തമായ ഓക്സ്ഫോര്‍ഡിൽ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ സന്തോഷം പങ്ക് വച്ച് നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. ഇന്ന് സര്‍വകലാശാലയിലെ മാര്‍ഗരറ്റ് ഹാളില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സിലാണ് മലാല തന്റെ ബിരുദം പൂര്‍ത്തിയാക്കിയത്.

ഇതിന് ശേഷം കുടുംബമൊത്തും സഹപാഠികള്‍ക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും മലാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മുന്നോട്ടുള്ള ഭാവിയില്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഇപ്പോള്‍ അറിയില്ല എന്നും നെറ്റ്ഫ്ളിക്സില്‍ ജോയിന്‍ ചെയ്യണം, വായിക്കണം, ഉറങ്ങണം’ എന്നും മലാല ട്വീറ്റ് ചെയ്തു.

ഇതേവരെ 2.6 ലക്ഷം പേരാണ് മലാലയുടെ ട്വീറ്റിന് ലൈക്ക് ചെയ്തത്. 32,000 പേര്‍ റീട്വീറ്റ് ചെയ്തതിനൊപ്പം നിരവധി പേര്‍ ട്വിറ്ററില്‍ മലാലക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. 2012ൽ പാകിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച മലാലക്ക് ഭീകരാവാദികളില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു. അതിന് ശേഷം മലാലയും കുടുംബവും ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു.