കൊവിഡ് ബാധിച്ച ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില അതീവ ഗുരുതരം; ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അമിത് ഷാ

single-img
19 June 2020

കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ ആരോഗ്യനില ഇപ്പോൾ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നിലവിൽ അദ്ദേഹം കടുത്ത പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുന്നുണ്ടെന്നും ന്യൂമോണിയക്ക് സാധ്യതയുണ്ടെന്നും പ്ലാസ്മ തെറപ്പി ചികിത്സ നല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേസമയം സത്യേന്ദ്ര ജെയിനിന്റെ ആരോഗ്യനില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ രാജീവ്ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് മന്ത്രിയെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ദില്ലി സാകേത് മാക്‌സ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഈ മാസം 16ന് പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് തവണ നടത്തിയ പരിശോധനയും നെഗറ്റീവായിരുന്നു. ഈ മാസം 14ന് അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രിയായ സത്യേന്ദ്ര ജെയിനും പങ്കെടുത്തിരുന്നു.