ഇന്ത്യയുടെ ബ്രഹ്മാസ്ത്രം `മൗണ്ടൻ സ്ട്രൈക്ക് കോർ´ ചെെനീസ് അതിർത്തിയിലേക്ക്: ദുർഘട മലനിരകളും അതിശൈത്യ കാലാവസ്ഥയും ഇവർ മറികടക്കും

single-img
18 June 2020

സംഘർഷം രൂക്ഷമായ ഇന്ത്യ- ചെെനാ അതിർത്തിയിലേക്ക് കൂടുതൽ പടയൊരുക്കങ്ങളുമായി ഇന്ത്യ. മലനിരകളിലെ യുദ്ധമുറകളിൽ വൈദഗ്ധ്യം നേടിയ സേനാംഗങ്ങൾ കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേക്ക്. ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള 17 മൗണ്ടൻ സ്ട്രൈക്ക് കോറിലെ അഥവാ ബ്രഹ്മാസ്ത്ര കോർ സേനാംഗങ്ങളെയാണ് സംഘർഷം രൂക്ഷമായ മേഖലകളിലേക്കു നിയോഗിക്കുന്നത്.

ഈ സെെനിക ഘടകത്തിൻ്റെ ആസ്ഥാനം ബംഗാളാണ്. എന്നാൽ 3488 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ – ചൈന അതിർത്തിയിൽ എവിടെയും എപ്പോൾ വേണമെങ്കിലും നിലയുറപ്പിക്കാൻ സജ്ജമാണിവർ. ദുർഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാൻ വിദഗ്ധ പരിശീലനം നേടിയ സേനാംഗങ്ങളുടെ സാന്നിധ്യം 14,000 അടി ഉയരത്തിലുള്ള കിഴക്കൻ ലഡാക്കിൽ ഇന്ത്യയ്ക്കു കരുത്തു പകരുമെന്നാണ് പ്രതീക്ഷ. 

ചൈനീസ് അതിർത്തിക്കു കാവലൊരുക്കുന്ന കശ്മീരിലെ ലേ, ബംഗാളിലെ സിലിഗുഡി, അസമിലെ തേസ്പുർ, നാഗാലൻഡിലെ ദിമാപുർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സേനാ കോറുകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കിൽ മൗണ്ടൻ സ്ട്രൈക്കിന്റേത് ആക്രമണമാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് സ്ട്രൈക്ക് കോറിനു രൂപം നൽകിയതും പ്രാവർത്തികമാക്കിയതും. 

അന്ന് ചൈന ആക്രമണ ലക്ഷ്യത്തോടെയുള്ള കോർ രൂപീകരണത്തെ പരസ്യമായി എതിർത്തിരുന്നത് വാർരത്തയായിരുന്നു. എന്നാൽ അതു വകവയ്ക്കാതെ, കോർ സ്ഥാപിക്കുകയായിരുന്നു. ബംഗാൾ, പഞ്ചാബിലെ പഠാൻകോട്ട് എന്നിവിടങ്ങളിലുള്ള 2 ഡിവിഷനുകളിലായി 45,000 വീതം സേനാംഗങ്ങളാണ് കോറിലുള്ളത്.