ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

single-img
18 June 2020

പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന സച്ചിദാനന്ദൻ അന്തരിച്ചു. സർജറിക്കിടയിൽ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിൽ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ കഴിയുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നടുവിന് രണ്ട് സർജറികൾ നടത്തിയിരുന്നു. ഇതിൽ ആദ്യ സർജറി വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ സർജറി ചെയ്യാൻ വേണ്ടി അദ്ദേഹത്തിന് അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജൂൺ 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്‍റെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുപ്രകാരമുള്ള നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

ലോക്ക് ഡൌൺ വരുന്ന സമയം തന്നെ സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സച്ചി സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് പിന്നീട് സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളുമാണ്.

നിലവിൽ അയ്യപ്പനും കോശിയും കേരളത്തിൽ ബോക്സ് ഓഫിസ് ഹിറ്റായതിനെ തുടർന്ന് നിരവധി ഭാഷകളിലേക്ക് ചിത്രീകരിക്കാൻ ഒരുങ്ങുകയാണ്. സംവിധായകനും നടനുമായ ലാലിന്റെ മകൻ ലാൽ ജൂനിയർ സംവിധാനം ചെയ്ത പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് ചിത്രമായ ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ തിരക്കഥയും സച്ചിയുടേതാണ്.