ഇറങ്ങിപ്പോടാ ചെെനേ, റിപ്പബ്ലിക് ടിവിയിൽ കൊണ്ടുപിടിച്ച ചർച്ച: സ്പോൺസർ ചെയ്യുന്നത് ചെെനീസ് മൊബെെൽ കമ്പനിയായ വിവോ

single-img
18 June 2020

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ സംഘർഷം നിലനിൽക്കുകയാണ്. സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ വൻ വിമർശനവും ഉയരുന്നുണ്ട്. ഇതിനിടെ ചെെനയെ പാഠം പഠിപ്പിക്കാൻ ഇന്ത്യയിലെത്തുന്ന ചൈനീസ് ഉത്പ്പനങ്ങള്‍ എല്ലാം ഉപേക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ കോലം കത്തിച്ചും ചൈനീസ് ഉപകരണങ്ങള്‍ കത്തിച്ചും ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. 

ഇതിനിടയിലാണ് രസകരമായ ഒരു സംഭവം നടന്നത്. കഴിഞ്ഞദിവസം അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയിലും നടന്ന ചര്‍ച്ച ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ടായിരുന്നു. ചൈന ഗെറ്റ് ഔട്ട് എന്ന ഹാഷ് ടാഗിലായിരുന്നു ചര്‍ച്ച നടന്നത്. അര്‍ണബ് ഗോസ്വാമിയായിരുന്നു ചര്‍ച്ച നയിച്ചത്. എന്നാൽ ഈ ചർച്ച സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ആയിരുന്നുവെന്നുള്ളതാണ് രസകരം. 

ചൈനക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം കത്തിപ്പടരുന്നതായി കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ പല റിപ്പോര്‍ട്ടുകളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയായിരുന്നുവെന്നുള്ളതും കൗതുകമുണർത്തുന്ന വസ്തുതയാണ്. രാജ്യമെമ്പാടും ചൈനീസ് വിരുദ്ധ പ്രക്ഷോഭം നടക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടിന് മുകളിലായി പരിപാടിയുടെ സ്‌പോണ്‍സര്‍ MI 10 5 G ആണ് എന്ന് കാണിക്കുന്നുണ്ട്.

അര്‍ണബ് ഗോസ്വാമി അവതാരകനായ ചൈന ഗെറ്റ് ഔട്ട് എന്ന ചര്‍ച്ച ‘വിവോ’ സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്. റിപ്പബ്ലിക് ടിവിയുടെ മിക്ക പരിപാടിയുടേയും സ്‌പോണ്‍സര്‍മാര്‍ വിവോയും ഹൈക്കും ഒലയും പേ ടി എമ്മുമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.ചൈനീസ് ഉത്പ്പന്നത്തിന്റെ പരസ്യം വാങ്ങി എന്തിനാണ് നാടകങ്ങള്‍ കളിക്കുന്നതെന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.