റഷ്യയിൽ നിന്നും 33 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കി വ്യോമസേന

single-img
18 June 2020

ഇന്ത്യ- ചൈന അതിർത്തിയായ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി റഷ്യയിൽ നിന്നും 33 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിൽ സമ്മര്‍ദം ചെലുത്തി ഇന്ത്യന്‍ വ്യോമസേന. റഷ്യയുടെ പക്കലുള്ള 21 മിഗ് 29, 12 എസ്.യു.-30 എം.കെ.ഐ. എന്നിവ വാങ്ങണമെന്നാണ് വ്യോമസേന ആവശ്യപ്പെട്ടത്.

കഴിഞ്ഞകുറെ കാലമായി ഈ പദ്ധതി വ്യോമസേനയുടെ ആലോചനയിലുണ്ട് എങ്കിലും ഇപ്പോഴുള്ള സാഹചര്യത്തില്‍ വിമാനം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ വ്യോമസേന വേഗത്തിലാക്കി എന്നാണ് വിവരം.
അത്യാധുനികമായ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 6,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരുന്ന ആഴ്ചയിൽ നടക്കാനിരിക്കുന്ന ഉന്നതതലയോഗത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി ഈ നിര്‍ദേശം മുന്നോട്ടുവെക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ വിവിധ അപകടങ്ങളിലായി വ്യോമസേനയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ള യുദ്ധവിമാനങ്ങള്‍ക്ക് പകരമായാണ് 12 എസ്യു.-30 എംകെഐ എയർ ഫോഴ്സ് ആവശ്യപ്പെട്ടിരിക്കുന്നത്.